അമൃതസര്‍: പഞ്ചാബില്‍ ഇന്നലെയുണ്ടായ മദ്യ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 86 ആയി. മൂന്നു ജില്ലകളിലായിട്ടാണ് വ്യാജമദ്യ ദുരന്തം ഉണ്ടായിരിക്കുന്നത്. തന്‍തരന്‍, അമൃതസര്‍, ബട്ടാല ജില്ലകളിലാണ് ദുരന്തം ഉണ്ടായത്. തന്‍തരന്‍ ജില്ലയില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ മരണപ്പെട്ടിരിക്കുന്നത്. 63 പേരാണ് അവിടെ മാത്രം മരണത്തിന് കീഴടങ്ങിയത്. അമൃതസറില്‍ 12 പേരും ബട്ടാലയില്‍ 11 പേരുമാണ് മരിച്ചത്. വ്യാജമദ്യ വിതരണവുമായി ബന്ധപ്പെട്ട് 25 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റുചെയ്തത്.
മൂന്നു ജില്ലകളിലും പോലീസും എക്സൈസ് സംഘവും വ്യാപകമായ റെയ്ഡാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ മാത്രം 100 റെയ്ഡുകള്‍ നടനെന്നാണ് അറിയിച്ചി രിക്കുന്നത്. റെയ്ഡുകളില് ഇന്നലെ 17 പേരെ പിടികൂടിയിരുന്നു. പലയിടത്തുനിന്നും വ്യാജമദ്യം നിര്‍മ്മിക്കുന്നതിനുള്ള വസ്തുക്കളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പരിശോധനകളില്‍ വീഴ്ച വരുത്തിയ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരേയും നാല് പോലീസുകാരേയും അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി പഞ്ചാബ് പോലീസ് അറിയിച്ചു. വ്യാജമദ്യവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കന്മാരുടെ ബന്ധത്തെ ചൊല്ലി ഭരണപക്ഷത്തും പ്രതിപക്ഷത്തും ആരോപണം ശക്തമാവുകയാണ്.