കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അവഹേളിച്ച് പി.വി അന്‍വര്‍ എംഎല്‍എ. അമിത് ഷായ്ക്ക് കൊറോണ സ്ഥിരീകരിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പി.വി അന്‍വര്‍ അദ്ദേഹത്തെ അവഹേളിച്ച് രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രോഗബാധിതനായ ആഭ്യന്തരമന്ത്രിയെ എംഎല്‍എ പരിഹസിച്ചത്.
‘പിടിച്ചു നിര്‍ത്തിയ കൂട്ടത്തില്‍ ഒരെണ്ണം ഉള്ളില്‍ കയറിക്കൂടി..യാദൃശ്ചികം’ എന്നാണ് പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഡല്‍ഹിയിലെ കൊറോണ വ്യാപനം പിടിച്ചു നിര്‍ത്തിയ ജനം ടിവി വാര്‍ത്ത ചൂണ്ടിക്കാട്ടിയായിരുന്നു എംഎല്‍എയുടെ പരിഹാസം. ഇതിലൂടെ ആഭ്യന്തരമന്ത്രിക്കു പുറമെ ഡല്‍ഹിയിലെ കൊറോണ വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെ ഒന്നടങ്കമാണ് പി.വി അന്‍വര്‍ അവഹേളിച്ചിരിക്കുന്നത്.
വലിയ രീതിയില്‍ രോഗവ്യാപനം നടന്നിരുന്ന ഡല്‍ഹിയില്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ആം ആദ്മി സര്‍ക്കാരിന് കൊറോണ വ്യാപനത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏറ്റെടുത്തത്. തുടര്‍ന്ന് ഡല്‍ഹിയില്‍ പരിശോധനകളുടെ എണ്ണം വന്‍ തോതില്‍ വര്‍ധിപ്പിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. കെജ്രിവാള് മടിച്ചു നിന്നപ്പോഴും കൊറോണ ആശുപത്രികളില്‍ ഉള്‍പ്പെടെ അമിത് ഷാ നേരിട്ട് സന്ദര്‍ശനം നടത്തുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്തിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്.