ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സൈനികനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. വാഹനത്തില്‍ പോവുകയായിരുന്ന സൈനികനെ കീഴ്‌പ്പെടുത്തിയ ശേഷം വാഹനം തീവെച്ചു നശിപ്പിച്ചുവെന്നും സൈന്യം കണ്ടെത്തി. വീട്ടില്‍ നിന്നും ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്പിലേയ്‌ക്ക് പോകും വഴിയാണ് ആക്രമണം നടന്നത്. ജോലി സ്ഥലത്തേയ്‌ക്ക് പോവുകയായിരുന്ന ഷാക്കിര്‍ മന്‍സൂറിനെയാണ് വാഹനം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടുപോയത്. കുല്‍ഗാമിലെ ധമാല്‍ ഹാഞ്ചിപോരാ മേഖലയിലാണ് സംഭവം നടന്നത്.
ജവാന് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്ന് സൈനികര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുമാസമായി ഭീകരര്‍ക്കെതിരെ അതിശക്തമായ തിരച്ചിലാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. പ്രദേശത്തുള്ള കശ്മീര്‍ നിവാസികളായ ഭീകര നേതാക്കളെയെല്ലാം വധിച്ചതായാണ് ജമ്മുകശ്മീര്‍ പോലീസ് അറിയിച്ചത്. നിലവില്‍ 12 പോരാട്ടങ്ങളാണ് ഭീകരര്‍ക്ക് എതിരെ ഈ മേഖലയില്‍ നടന്നിരിക്കുന്നത്. 33 ഭീകരരെ വധിച്ച് ജമ്മു കശ്മീരില്‍ സൈന്യം മുന്നേറുകയാണ്.