ബെയ്ജിങ്: വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനെ ബൈറ്റ്ഡാന്‍സില്‍ നിന്ന് വാങ്ങുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് യുഎസ് ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്. സമൂഹമാദ്ധ്യമങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിനും, ചൈന-യുഎസ് ബന്ധത്തെ ഇത് ശക്തിപ്പെടുത്തിയേക്കുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി. ടിക് ടോകിനെ മൈക്രോസോഫ്റ്റിന് വില്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ബൈറ്റ്ഡാന്‍സിന് സമയം അനുവദിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ്, മൈക്രോസോഫ്റ്റ് ടിക് ടോകിനെ ഏറ്റെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. വില്‍പ്പന സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ 45 ദിവസം സമയം അനുവദിക്കാമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
അമേരിക്കയില്‍ മാത്രം ടിക് ടോകിന് 100 മില്ല്യണ്‍ ഉപയോക്താക്കളാണുള്ളത്. ഇത്തരമൊരു നീക്കത്തിലൂടെ സോഷ്യല്‍ മീഡിയയിലെ ശക്തരായ ഫേസ്ബുക്ക്, സ്നാപ് ഇങ്ക് എന്നിവര്‍ക്കെതിരെ കരുത്തനായ എതിരാളിയാകാനും മൈക്രോസോഫ്റ്റിനാകും. പ്രൊഫഷണല്‍ സോഷ്യല്‍ മീഡിയ നെറ്റ്വര്ക്കായ ലിങ്ക്ഡ്ഇനും ഇപ്പോള്‍ മൈക്രോസോഫ്റ്റിന് സ്വന്തമാണ്. അമേരിക്കക്ക് പുറമെ കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ബൈറ്റ്ഡാന്‍സ് ഈ വാര്‍ത്തയോട് പരസ്യ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം വിഷയത്തില്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. ബൈറ്റ്ഡാന്‍സ് കമ്പനി സിഇഒ ഷാന്‍ യിമിംഗ് മൈക്രോസോഫ്റ്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായി വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. അതേസമയം ടിക് ടോക് അമേരിക്കയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും ഏറ്റെടുക്കാമെന്ന തരത്തിലുള്ള സിഎഫ്ഐയുഎസ് (കമ്മിറ്റി ഓണ്‍ ഫോറിന് ഇന്‍വെസ്റ്റ്മെന്റ് ഇന്‍ ദ യുണൈറ്റഡ് സ്റ്റേറ്റ്സ്) നിലപാടിനോട് ബൈറ്റ് ഡാന്‍സ് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.