ന്യൂഡല്‍ഹി: കൊറോണക്കാലത്തിനിടെ വന്നെത്തിയ രക്ഷാബന്ധന് ദിനം ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യ, മിലിറ്ററി നഴ്സിംഗ് സര്‍വീസ്, രാഷ്ട്രപതിയുടെ എസ്റ്റേറ്റ് ക്ലിനിക്ക് എന്നിവയിലെ നഴ്സുമാരാണ് രാഷ്ട്രപതി ഭവനിലെത്തി രാംനാഥ് കോവിന്ദിന് രാഖി സമ്മാനിച്ചത്.
രാഖി കെട്ടലിനു ശേഷം നഴ്സുമാരുമായി രാഷ്ട്രപതി ആശയവിനിമയം നടത്തി. കൊറോണ പോരാട്ടത്തിലെ തങ്ങളുടെ അനുഭവങ്ങള്‍ നഴ്സുമാര്‍ രാഷ്ട്രപതിയുമായി പങ്കുവെച്ചു. സ്വന്തം ജീവന് പണയം വെച്ച് മറ്റുള്ളവരുടെ ജീവന് സംരക്ഷിക്കാന്‍ നഴ്സുമാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും അവര്‍ക്ക് ആശംസകളറിയിക്കുകയും ചെയ്തു.
മുന്‍കാലങ്ങളില്‍ രക്ഷാബന്ധന് ദിനത്തില്‍ സഹോദരന്മാരുടെ കൈയ്യില്‍ സഹോദരിമാര്‍ രാഖി കെട്ടുകയായിരുന്നു. ഇതിലൂടെ അപകടങ്ങളില്‍ നിന്നും സഹോദരന്മാരുടെ സംരക്ഷണമാണ് അവര്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍, ഇന്ന് നഴ്സുമാരുടെ കാര്യമെടുത്താല്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ തങ്ങളുടെ സഹോദരന്മാരെ സംരക്ഷിക്കുകയും അതിലൂടെ എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.