ന്യൂഡല്‍ഹി: രക്ഷാബന്ധന് ദിനത്തില്‍ ആശംസകളറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാതാ അമൃതാനന്ദമയീ ദേവി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പ്രധാനമന്ത്രി നന്ദി പറഞ്ഞത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വനിതകളാണ് രക്ഷാബന്ധന് ദിനത്തില്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്.
‘ബഹുമാനപ്പെട്ട അമൃതാനന്ദമയീ ജി, അങ്ങയുടെ പ്രത്യേക രക്ഷാബന്ധന് സന്ദേശത്തില്‍ ഞാന്‍ സന്തോഷവാനാണ്. ഈ മഹാരാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അങ്ങയില്‍ നിന്നും ഇന്ത്യയിലെ സ്ത്രീകളില്‍ നിന്നും ലഭിക്കുന്ന അനുഗ്രഹം എനിക്ക് കരുത്ത് പകരും. ഇന്ത്യയുടെ വികസനത്തിന് ഇത് അത്യന്താപേക്ഷിതമാണ്’. അമൃതാനന്ദമയീ ദേവിയുടെ സന്ദേശത്തിന് മറുപടിയായി മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്കര്‍, ഒളിമ്പിക്സ് താരം ദ്യുതീചന്ദ്, ടേബിള്‍ ടെന്നിസ് താരം മാനിക ബത്ര, അത്ലറ്റിക്സ് താരങ്ങളായ അഞ്ജു ബേബി ജോര്‍ജ്, പി.ടി ഉഷ,ഹിമ ദാസ്, ദീപ മാലിക്, ബാഡ്മിന്റണ്‍ താരങ്ങളായ സൈന നെഹ്വാള്, പി.വി സിന്ധു, വനിത ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, വെയിറ്റ് ലിഫ്റ്റിംഗ് താരം കര്‍ണം മല്ലേശ്വരി, ബോക്സിംഗ് താരം മേരി കോം, തുടങ്ങിയ പ്രമുഖരുടെ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.