ന്യൂഡല്‍ഹി: കൊറോണ നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം . മൂന്നാം ഘട്ടം അണ്ലോകുമായി ബന്ധപ്പെട്ടാണ് നിര്‍ദ്ദേശം. ഇതുപ്രകാരം യോഗ കേന്ദ്രങ്ങളും ജിംനേഷ്യങ്ങളും തുറക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ ഇവ തുറക്കാന്‍ അനുവദിക്കിലെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
യോഗാകേന്ദ്രങ്ങളും ജിംനേഷ്യവും പ്രവര്‍ത്തിക്കേണ്ട രീതിയും വ്യക്തമാക്കിയിട്ടുണ്ട് . 65 വയസ്സിന് മുകളിലുള്ളവര്‍, രോഗാവസ്ഥയിലുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴെയുള്ളവര്എന്നിവര് അടച്ചുപൂട്ടിയ സ്ഥലങ്ങളിലെ യോഗാ-ജിംനേഷ്യം കേന്ദ്രങ്ങളില്‍ പോകാന്‍ പാടില്ല. കെട്ടിടത്തിന് പുറത്തേയ്ക്കും അകത്തേയ്ക്കും പോകാന്‍ പ്രത്യേകം കവാടം ഉപയോഗിക്കണം. ദിശ അടയാളപ്പെടുത്താന്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ബാച്ചുകളായി പരിശീലിക്കുന്നവരെ നിയന്ത്രിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
പരിശിലന ബാച്ചുകളിലെ എണ്ണം നിയന്ത്രിക്കണം, വരുന്നവരുടെ പേരും വിലാസവും ഫോണ്‍ നമ്പറും ശേഖരിക്കണം, ആരോഗ്യ സേതു ആപ്പ് എല്ലാവരെക്കൊണ്ടും ഡൗണ്‍ലോഡ് ചെയ്യുക്കുവാന്‍ പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. പരിശീലനങ്ങള്‍ക്കിടയിലെ സമയം 15 മുതല്‍ 30 മിനിറ്റുവരെയാക്കണമെന്നും ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവ ഒരോ ഇടവേളകളിലും നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഫിറ്റ്നെസ് ഉപകരണങ്ങള്‍ തമ്മില്‍ ആറടി അകലം വേണം, യോഗ ചെയ്യുന്നവര്‍ തമ്മിലും ആറടി അകലം പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.