ന്യൂഡല്‍ഹി :ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. വരുന്ന 24 മണിക്കൂറിനുള്ളില്‍ മഴ ശക്തിപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത 4 ദിവസം കേരളം മുതല്‍ ഗുജറാത്ത് വരെയുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്ക് സാഹചര്യമൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ.ഇതേ തുടർന്ന് ഈ മാസം 7,8,9 തീയതികളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 10 ന് ശേഷം മഴയുടെ തീവ്രത കുറയുമെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് സൂചന. ഇതു സംസ്ഥാനത്ത് മഴ തുടരാൻ കാരണമാകും. എന്നാൽ ഇത്തവണ മഴ കനത്താലും മുന്‍ വര്‍ഷങ്ങളിലേതു പോലെ പ്രളയത്തിന് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
തെക്കന്‍ കേരളത്തില്‍ വ്യാപകമഴയും വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയും ലഭിക്കാനാണ് സാധ്യത. ഓഗസ്റ്റ് 20 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് അഞ്ചുമുതല്‍ അതിതീവ്ര മഴയ്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.