കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ഏറ്റവും ഉയർന്ന ഉൽപാദനക്ഷമത കൈവരിച്ചാണ് എലൈറ്റ് ഗ്രൂപ്പ് ഉയരങ്ങൾ കീഴടക്കിയത്.അലുമിനിയം എക്സ്ട്രുഷൻ ഉൽപ്പന്നങ്ങൾ,പൗഡർ കോട്ടിംഗ്,അനഡൈസിംഗ്,ബിലറ്റ്സ് നിർമ്മാണം എന്നീ വിഭാഗങ്ങളിലാണ് ഈ ജൂലായിൽ സമാനതകളില്ലാത്ത റെക്കോർഡ് ഉൽപ്പാദനം നടന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു.
എലൈറ്റ് ഗ്രൂപ്പിന്റെ കീഴിലുള്ള നെലെക്സ്കോ, അലൂമിൽടെക് ,ഗട്മാൻ , എലൈറ്റ് എക്സ്ട്രുഷൻ തുടങ്ങിയ സ്ഥാപനങ്ങളിലെല്ലാം ഈ വർഷത്തെ ഉയർന്ന ഉൽപാദന വർദ്ധനവാണ് ഉണ്ടായത്. ഈ നേട്ടത്തിന് കാരണമായ പ്രവർത്തനം കാഴ്ചവെച്ച സെക്ഷൻ ചുമതക്കാർക്കും നെലക്സ്കോയിലെ മുഴുവൻ ജീവനക്കാർക്കും ഒരു മാസത്തെ സാലറി ബോണസായി നൽകി ആദരിച്ചു.
മികച്ച പെർഫോമൻസ് കാഴ്ചവച്ച രാഗേഷ് ,വിപിൻ , കാർത്തിക് എന്നിവർക്ക് കാഷ് അവാർഡുകൾ നൽകി . തുടർന്നുള്ള ദിവസങ്ങളിൽ ഗ്രൂപ്പിന്റെ മറ്റു കമ്പനികളിലും ഈ ചടങ്ങുകൾ ഉണ്ടാവുമെന്ന് മാനേജിംഗ് ഡയറക്ടർ ആർ ഹരികുമാർ പറഞ്ഞു. കൊറോണ കാരണം ഭയചകിതരായ ജീവനക്കാരെ പ്രവർത്തനോന്മുഖരാക്കി മുഖ്യധാരയിലക്ക് കൊണ്ടുവന്ന് ശ്രദ്ധിക്കപ്പെട്ട കമ്പനിയാണ് എലൈറ്റ്.
കമ്പനി മാനേജിംഗ് ഡയറക്ടർ ആർ. ഹരികുമാർ , കമ്പനിയിലെ 200 പേരെയും ഇതിന് പുറമെ രാജ്യത്ത് കഷ്ടപ്പെടുന്ന 250 ഓളം പേരെയും ചാർട്ടേർഡ് വിമാനം വഴിയും അല്ലാതെയുമായി തികച്ചും സൗജന്യമായി നാട്ടിലയച്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ കമ്പനിയിലെ ഓരോ അംഗങ്ങളുടെയും കൂടെ നിൽക്കുകയും ,സാമ്പത്തികവും ,മാനസികവും ആയ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്യാൻ തൊഴിലാളികൾക്ക് വേണ്ട സർവ സഹായങ്ങളും നൽകി മാതൃകയാവുകയും ചെയ്ത ഹരികുമാർ ലാഭത്തിന്റെ ഭൂരിഭാഗവും തന്റെ പ്രസ്ഥാനത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച തൊഴിലാളികൾക്ക് നൽകി പുതിയൊരു ചരിത്രം കൂടിയാണ് രചിച്ചത് .