ഹൈദരാബാദ്: രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തില്‍ വീണ്ടും അസ്വസ്ഥത പ്രകടപ്പിച്ച് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ തന്നെ താനും വികാരാധീനനാണെന്ന് ഒവൈസി പറഞ്ഞു. മാദ്ധ്യമങ്ങളോടായിരുന്നു ഒവൈസിയുടെ പ്രതികരണം.
‘രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയതിലൂടെ പ്രധാനമന്ത്രി സത്യാപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും തകര്‍ച്ചയും ഹിന്ദുത്വത്തിന്റെ വിജയവുമാണ് ഇന്ന് നടന്നത്. പ്രധാനമന്ത്രിക്ക് അനുഭവപ്പെട്ടത് പോലെ ഞാനും ഇന്ന് വികാരാധീനനാണ്. തുല്യതയില്‍ വിശ്വസിക്കുന്നതിനാലാണത്. 450 വര്‍ഷത്തോളം നിലനിന്നിരുന്ന പള്ളിയുടെ കാര്യത്തിലും ഞാന്‍ വികാരാധീനനാണ്’. ഒവൈസി പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ കോണ്‍ഗ്രസുകാര്‍ ഉത്തരവാദികളാണെന്നും മതനിരപേക്ഷത പറയുന്ന ഇത്തരം പാര്‍ട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണെന്നും ഒവൈസി പറഞ്ഞു. ഭൂമി പൂജ ആരംഭിക്കുന്നതിന് മുന്‍പും ഒവൈസി അസ്വസ്ഥത പരസ്യമാക്കിയിരുന്നു. ബാബറി മസ്ജിദ് എന്നും നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാവിലെ ഒവൈസി ട്വീറ്റ് ചെയ്തിരുന്നത്.