ന്യൂഡല്‍ഹി: സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യണമെന്ന ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി .ഉത്തരവ് പിന്‍വലിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് കേണല്‍ പി.കെ. ചൗധരിയാണ് കോടതിയെ സമീപിച്ചത്.
ഡയറക്ടര്‍ ജനറള്‍ ഓഫ് മിലിട്ടറി ഇന്റലിജന്‍സ് ജനുവരി ആറിന് പുറത്തിറക്കിയ ഉത്തരവിലാണ് ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങി 87 ആപ്ലിക്കേഷനുകളിലെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ സോനാംഗങ്ങളോട് ആവശ്യപ്പെട്ടത്. അമേരിക്കയിലുള്ള കുടുംബാഗങ്ങളോട് ആശയവിനിമയം നടത്താന്‍ ഫെയ്സ് ബുക്ക് വേണമെന്നായിരുന്നു ചൗധരിയുടെ വാദം. എന്നാല്‍ ചൗധരിക്ക് ഉത്തരവ് പാലിക്കുകയോ അല്ലാത്തപക്ഷം ജോലി രാജിവെക്കുകയോ ചെയ്യാമെന്ന് ജസ്റ്റിസുമാരായ രാജീവ് സഹായി എഡ്ലോയും ആഷ മേനോനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
നിലവില്‍ ജ്മ്മുകശ്മീരിലാണ് ചൗധരിയെ പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന് ചൗധരിയുടെ അഭിഭാഷകന് വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ആ വാദവും കോടതി തള്ളിയിരുന്നു.