ശ്രീനഗര്‍ : ജമ്മു കശ്മീരിനെ വികസന മുരടിപ്പിന്റെ ചങ്ങലയ്‌ക്കുള്ളില്‍ കെട്ടിയിട്ട പ്രധാന ഘടകമായിരുന്നു ആര്‍ട്ടിക്കിള്‍ 370. സ്വാതന്ത്ര്യലബ്ധിയ്‌ക്ക് ശേഷം കാലമിത്രയും മാറി മാറി ഭരിച്ചവര്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി ജമ്മു കശ്മീരിന്റെ അമിതാധികാരം പ്രയോജനപ്പെടുത്തി. കാലങ്ങളായി വികസനമുരടിപ്പിന്റെയും ഭീകരവാദത്തിന്റെയും ഇടയില്‍ ശ്വാസം മുട്ടി ജീവിച്ച കശ്മീര്‍ ജനതയ്‌ക്ക് പുതുജീവന്‍ നല്‍കിയത് ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ ധീര തീരുമാനമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഒറ്റക്കെട്ടായി കേന്ദ്ര സര്‍ക്കാരിന് നന്ദി പറയുകയാണ് കശ്മീര്‍ ജനത.
ജമ്മു കശ്മീര്‍ ജനതയ്‌ക്കും രാജ്യത്തിനും വെല്ലുവിളിയായി നിന്നിരുന്ന ഒന്നായിരുന്നു ഭീകരവാദം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് പിന്നില്‍ ജമ്മു കശ്മീരിനെ ഭീകര മുക്തമാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ഈ ലക്ഷ്യം നിറവേറ്റാന്‍ ഇന്ന് കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ 36 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2019 ജനുവരി 1 മുതല്‍ ജൂലൈ 15 വരെ 188 ഭീകരാക്രമണങ്ങളാണ് ഉണ്ടായത്. അതേ സമയം ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂലൈ 15 വരെ 120 ല്‍ താഴെ മാത്രം ഭീകരാക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിശ്ചിത സമയ പരിധിയില്‍ 136 ഭീകരരെയാണ് സുരക്ഷാ സേന ഇല്ലാതാക്കിയത്. ഭീകര സംഘടനകളില്‍ ചേരാന്‍ പോകുന്ന യുവാക്കളുടെ എണ്ണവും കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനം ശരിയാണ് എന്നാണ് വ്യക്തമാക്കുന്നത്.
ജമ്മു കശ്മീരിന്റെ അമിതാധികാരം ഭരണ ഘടനാപരമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്നതിൽ നിന്നും ജനങ്ങളെ അകറ്റി നിര്‍ത്തിയിരുന്നു. ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഇന്ന് അനുഭവിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുന്നുണ്ട് എന്നത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ പ്രധാന വിജയമാണ്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം നാല് ലക്ഷം ആളുകള്‍ക്കാണ് ഭരണകൂടം താമസാവകാശ രേഖ നല്‍കിയത്. ഒരു വ്യക്തി ഒരു പ്രത്യേക സംസ്ഥാന / കേന്ദ്രഭരണ പ്രദേശത്ത് താമസിക്കുന്നയാളാണെന്ന് തെളിയിക്കാനുള്ള ഔദ്യോഗിക രേഖയാണ് താമസാവകാശ രേഖ. ജമ്മുവില്‍ 3,68,500താമസാവകാശ രേഖകളും കശ്മീര്‍ താഴ്വരയില്‍ 79,300 താമസാവകാശ രേഖകളും അധികൃതര്‍ നല്‍കിയിട്ടുണ്ട്. നാളിതുവരെയായി സ്വന്തമായി കിടപ്പാടം പോലും ഇല്ലാതിരുന്ന ആളുകള്‍ ഇന്ന് ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാരായി മാറിയത് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഒന്നുകൊണ്ട് മാത്രമാണ്.
ജമ്മു കശ്മീരില്‍ യുവാക്കളെ അലട്ടിയിരുന്ന പ്രധാന പ്രശ്‌നമായിരുന്നു തൊഴിലില്ലായ്മ. ഇത് പരിഹരിക്കാന്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിലൂടെ സാധിച്ചു. വിവിധ വകുപ്പുകളിലായുണ്ടായിരുന്ന 10,000 ഒഴിവുകളാണ് ഇതുവരെ സര്‍ക്കാര്‍ നികത്തിയത്. ഇതിന് പുറമേ ക്ലാസ് ഫോർ ഒഴിവുകൾ ഒഴിവുകള്‍ നികത്തുന്നതിനായി കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് അധികൃതര്‍ നടത്തിവരുന്നത് എന്നും ശ്രദ്ധേയമാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും സംവരണം ലഭ്യമാക്കാന്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ സാധിച്ചു. നിലവില്‍ പാര്‍സി സമുദായത്തില്‍പ്പെട്ടവര്‍ക്ക് നാല് ശതമാനം സംവരണവും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണവുമായി ഭരണകൂടം നല്‍കുന്നത്. നിലവില്‍ 70,000 കുടുബംഗങ്ങളാണ് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുഭവിച്ച് പോരുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ തുടങ്ങിയതും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമാണ്.
അടിസ്ഥാന സൗകര്യവികസനത്തില്‍ ഏറെ പിന്നോക്കം നിന്നിരുന്ന ജമ്മു കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം വലിയ വികസനങ്ങള്‍ക്കാണ് സാക്ഷിയായത്. ലോകത്തെ ഏറ്റവും വലിയ റെയില്‍വേ പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നത് ജമ്മു കശ്മീരിലാണ് എന്നത് ഏവരെയും അതിശയിപ്പിക്കും. ജമ്മു കശ്മീരിലെ തന്ത്ര പ്രധാന മേഖലകളിലെ പ്രധാനപ്പെട്ട ആറ് പാലങ്ങള്‍ അടുത്തിടെയാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തത് . ഏറെ നാളുകളായി മുടങ്ങിക്കിടന്ന ജല വൈദ്യുത പദ്ധതിയായ ഷഹ്പൂര്‍-ഖാണ്ഡി പദ്ധതി ആരംഭിച്ചത് മറ്റൊരു പ്രധാന നേട്ടമാണ്.
ജമ്മു കശ്മീരില്‍ കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗമായിരുന്നു കശ്മീരി പണ്ഡിറ്റുകള്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമാണ് കശ്മീരി പണ്ഡിറ്റുകള്‍ക്ക് മാനുഷിക പരിഗണനകള്‍ പോലും ലഭിക്കാന്‍ തുടങ്ങിയത്. കശ്മീരി പണ്ഡിറ്റുകള്‍ക്കായി 3000 തസ്തികളാണ് ഭരണകൂടം സൃഷ്ടിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞത് കൃഷി, വ്യവസായം, വ്യാപാരം എന്നീ മേഖലകളെയും ത്വരിതപ്പെടുത്തിയിട്ടുണ്ട്.