മുംബൈ : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടിയും സുശാന്ത് സിംഗ് രജ്പുത്തിന്റെ മുന്‍കാമുകിയും ആയ റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ്. ഏഴാം തിയതി ചോദ്യം ചെയ്യലിനായി ഓഫീസില്‍ ഹാജരാകാനാണ് റിയയ്ക്ക് എന്‍ഫോഴ്സ്മെന്റ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സുശാന്തിന്റെ കോടിക്കണക്കിന് രൂപ റിയ തട്ടിയെടുത്തതായി കുടുംബം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
നേരത്തെ സുശാന്തിന്റെ മരണം അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം സിബിഐക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിയയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. സുശാന്തിന്റെ പിതാവിന്റെ അഭ്യര്‍ഥനമാനിച്ച് ബിഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രം സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
റിയയെ ചോദ്യം ചെയ്യുന്നതില്‍ നിന്നും സുശാന്തിന്റെ പണം കാണാതായത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മരണശേഷം സുശാന്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ പോലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഏകദേശം 42 കോടിയിലധികം പണം സുശാന്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വകമാറ്റിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.