ബെയ്ജിംഗ്: ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ട് 27 വര്‍ഷം ജയിലില്‍ കഴിഞ്ഞ ചൈനീസ് പൗരന് മോചനം. ഷിങ്ചിയാന് സ്വദേശിയായ സാങ് യുവാനെയാണ് ഒടുവില്‍ കോടതി വെറുതെ വിട്ടത്. കേസില്‍ മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് വടക്കന്‍ ചൈനയിലെ ഹൈക്കോടതി ഇയാളെ വെറുതെ വിട്ടത്.
ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 27 വര്‍ഷമാണ് സാങ് യുവാന്‍ ജയിലില്‍ കഴിഞ്ഞത്. തെറ്റായ കോടതി വിധിയിലൂടെ ചൈനയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നതും സാങ് യുവാനാണ്. 1993 ലാണ് ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് സാങ് യുവാനെ പൊലീസ് പിടികൂടുന്നത്. 1993 ഒക്ടോബര്‍ മാസത്തിലാണ് രണ്ട് ആണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ട് അയല്‍ക്കാരനായ സാങിനെ സംശയത്തിന്റെ പേരില്‍ ചൈനീസ് പൊലീസ് പിടികൂടിയത്.
മതിയായ അന്വേഷണം നടത്താതെ സാങ് തന്നെയാണ് പ്രതിയെന്ന് പൊലീസ് പിന്നീട് ഉറപ്പിച്ചു. നിരന്തരമായ മര്‍ദ്ദനത്തിലൂടെ സാങിനെ കൊണ്ട് പൊലീസ് കുറ്റം സമ്മതിപ്പിച്ചു. 1995 ല്‍ നാന്‍ചാങ്ങിലെ കീഴ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. രണ്ടു വര്‍ഷത്തിന് ശേഷം വധശിക്ഷ ജീവപര്യന്തം കഠിന തടവായി കുറച്ചു.
താന്‍ നിരപരാധിയാണെന്ന വാദത്തില്‍ ഉറച്ചു നിന്ന സാങ് യുവാന്റെ നിരപരാധിത്വം തെളിയിക്കാനായി അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. ഇവരുടെ പരിശ്രമ ഫലമായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കേസ് പുനപരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു.
സാങ് കുറ്റവാളിയാണെന്ന് ഉറപ്പിക്കാനുള്ള തെളിവുകളില്ലെന്ന് കോടത കണ്ടെത്തി. ഇതോടെ സാങിനെ വെറുതെ വിടണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. അതേസമയം ചെയ്യാത്ത കുറ്റത്തിന് സാങിനെ ഇത്രയും നാള് തടവിലിട്ടതിന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വ്യക്തമാക്കി. കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കസ്റ്റഡിയിലെടുക്കുന്നവരെ ക്രൂരമായി മര്‍ദ്ദിച്ച് കുറ്റം സമ്മതിക്കുന്ന രീതി ചൈനയില്‍ വ്യാപകമാണ്. ചൈനയിലെ പലസ്ഥലങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments