ന്യൂഡല്‍ഹി: വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകിന്റെയും മെസേജിങ് ആപ്പായ വി ചാറ്റിന്റെയും ഉടമസ്ഥ കമ്പനിയായ ബൈറ്റ്ഡാന്‍സുമായുള്ള എല്ലാ ഇടപാടുകളും പൂര്‍ണമായും തടഞ്ഞ് അമേരിക്ക. രാജ്യത്തെ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. 45 ദിവസത്തിനുള്ളില്‍ നിരോധനം പ്രാബല്യത്തില്‍ വരും. വ്യാഴാഴ്ചയാണ് ട്രംപ് ഇതുമായി ബന്ധപ്പെട്ട രണ്ട് എക്സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒപ്പ് വച്ചത്.
ദേശീയ സുരക്ഷ മുന്‍നിര്‍ത്തി ടിക് ടോകിന്റെ ഉടമകള്‍ക്കെതിരെ അമേരിക്ക ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് എക്സിക്യൂട്ടീവ് ഓര്‍ഡറില്‍ ട്രംപ് വ്യക്തമാക്കുന്നു. അമേരിക്കയുടെ പരമാധികാരത്തിന് കീഴില്‍ വരുന്ന ഒരു വ്യക്തിയോ സ്ഥാപനമോ ബൈറ്റ് ഡാന്‍സ് ലിമിറ്റഡുമായി യാതൊരു വിധത്തിലുള്ള ഇടപാടുകളും നടത്താന്‍ പാടില്ലെന്നും ഓര്‍ഡറില്‍ പറയുന്നു.
ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും അവരുടെ നിയന്ത്രണത്തിലുള്ളതുമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രാജ്യത്തിന്റെ സുരക്ഷയേയും, വിദേശ നയത്തേയും, സാമ്പത്തിക വ്യവസ്ഥയേയും സാരമായി ബാധിക്കുന്നുവെന്ന് യുഎസ് കോണ്‍ഗ്രഷണല്‍ നേതാക്കള്‍ക്കയച്ച കത്തിലും ട്രംപ് വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്ക്കെതിരെയുള്ള അമേരിക്കയുടെ നീക്കം.
അതേസമയം മൈക്രോസോഫ്റ്റ്, ടിക് ടോകിനെ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളുടേയും മേധാവികള്‍ തമ്മില്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടത്തിയതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രംപിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments