ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന് ആരംഭം കുറിക്കാന്‍ കാരണം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്ന പ്രചാരണവുമായി കോണ്‍ഗ്രസ്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് മൃദു ഹിന്ദുത്വ സമീപനത്തിലേക്ക് ചുവടു മാറ്റി ചവിട്ടിയത്. എന്നാല്‍ രാജീവ് ഗാന്ധിയെ പുകഴ്ത്തിക്കൊണ്ട് പങ്കുവെച്ച ട്വീറ്റുകള്‍ അല്‍പ്പ സമയത്തിനുള്ളില്‍ നീക്കം ചെയ്യുകയും ചെയ്തു.
രാമക്ഷേത്ര പുനര്നിര്മ്മാണത്തിലെക്കുള്ള വാതില്‍ തുറന്നത് രാജീവ് ഗാന്ധിയാണ് എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസാണ് ഇത്തരം പ്രചാരണങ്ങളുമായി ആദ്യം രംഗത്തെത്തിയത്. അയോദ്ധ്യയിലെ ചരിത്ര ഭൂമിയില്‍ ആദ്യം തറക്കല്ലിട്ടത് രാജീവ് ഗാന്ധിയാണെന്നും പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ട്വീറ്റ് നീക്കം ചെയ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസിനു പിന്നാലെ ദാമന്‍ ദിയു കോണ്‍ഗ്രസ് സേവാദളും സമാനമായ പ്രചാരണങ്ങളുമായി സജീവമായി. ആരാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് എന്നതില്‍ കാര്യമില്ല. മറിച്ച്, രാജീവ് ഗാന്ധിയാണ് രാമക്ഷേത്രത്തിലെക്കുള്ള വാതില്‍ തുറന്നത് എന്നായിരുന്നു കോണ്‍ഗ്രസ് സേവാദള്‍ ട്വീറ്റ് ചെയ്തത്. ‘ഹിന്ദു സിംഹം’ എന്നാണ് ദാമന്‍ ദിയു കോണ്‍ഗ്രസ് സേവാദള്‍ രാജീവ് ഗാന്ധിയെ വിശേഷിപ്പിച്ചത്. എന്നാല്‍ പിന്നീട് ഈ ട്വീറ്റും കോണ്‍ഗ്രസ് നീക്കം ചെയ്തു.
രാമക്ഷേത്രത്തെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കാമെന്ന കോണ്‍ഗ്രസിന്റെ പതിവ് നയം പരാജയപ്പെട്ടതോടെയാണ് ട്വീറ്റുകള്‍ നീക്കം ചെയ്തത് എന്നാണ് സൂചന. ഇതിനു പുറമെ മൃദു ഹിന്ദുത്വ സമീപനം സ്വീകരിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ തങ്ങളില്‍ നിന്ന് അകലുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക വാദ്രയും കമല്‍നാഥും ഉള്‍പ്പെടെയുള്ളവര്‍ രാമക്ഷേത്രത്തെ പിന്തുണച്ചതിനെതിരെ അസദുദ്ദീന്‍ ഒവൈസിയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
Comments