ന്യൂഡല്‍ഹി : ആന്‍ഡമാന്‍ ദ്വീപസമൂഹത്തിന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായുള്ള ചെന്നൈ- ആന്തമാന്‍ സബ്മറൈന് കേബിള്‍ സിസ്റ്റം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. ആഗസ്റ്റ് 10ാം തിയതിയാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിയ്ക്കുക.
ആന്‍ഡമാനിലെ ഇന്റര്‍നെറ്റ് സേവനങ്ങളും, ആശയ വിനിമയ രംഗവും ശക്തിപ്പെടുത്തുക എന്നതാണ് പുതിയ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ദ്വീപ സമൂഹവുമായുള്ള ബന്ധം കൂടുതല്‍ മികച്ചതാക്കാന്‍ സര്‍ക്കാരിന് സാധിക്കും. ഈ വര്‍ഷം ജനുവരിയിലാണ് ചെന്നൈ- ആന്‍ഡമാന്‍ സബ്മറൈന് കേബിള്‍ സിസ്റ്റം പദ്ധതി സംബന്ധിച്ച് ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ പദ്ധതി പൂര്‍ത്തിയാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ പദ്ധതിയുടെ നടപ്പാക്കല്‍ നീണ്ടു പോകുകയായിരുന്നു.
യൂണിവേഴ്സല്‍ സര്‍വ്വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന് കീഴില്‍ ബിഎസ്എന്‍എലാണ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതി ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Comments