ശ്രീകാകുളം: പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് ആരോപിച്ച് 50 വയസ്സുകാരി പൊലീസ് സ്റ്റേഷനില്‍ വച്ച് സാനിറ്റൈസര്‍ കുടിച്ചു. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. തര്ളി ബൊഡ്ഡപഡു ഗ്രാമത്തിലെ ഏറമ്മയാണ് സാനിറ്റൈസര്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്ന് മാസമായി സമീപവാസിയായ യുവതിയുമായി ഇവര്‍ വഴക്കിലായിരുന്നു. കഴിഞ്ഞ ദിവസം കൊട്ടബൊമ്മലി പൊലീസ് സ്റ്റേഷനില്‍ തന്റെ അയല്‍ക്കാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി ഏറമ്മ എത്തിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ ഇവരെ സമീപത്തെ ആശുപത്രിയിലേക്കും, അവിടെ നിന്ന് ശ്രീകാകുളം ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. ഇവര്‍ അപകടനില തരണം ചെയ്തെന്നും, സുരക്ഷിതയാണെന്നും പൊലീസ് വ്യക്തമാക്കി.
എന്നാല്‍ പൊലീസ് തങ്ങളുടെ പരാതിയെ അവഗണിച്ചതാണ് പ്രശ്നങ്ങളുടെ കാരണമെന്ന് ഏറമ്മയുടെ മകന് ചിരഞ്ജീവി ആരോപിച്ചു. ‘ കുറച്ച് ദിവസമായി ഞങ്ങളുടെ വീട് പുതുക്കി നിര്‍മ്മിക്കുന്ന പണികളിലായിരുന്നു. ഇതിനിടയില്‍ ഞങ്ങളുടെ അയല്‍ക്കാരി, അവരുടെ മകളുടെ ദേഹത്തേക്ക് മണ്ണ് വീണുവെന്ന് പറഞ്ഞ് ഞങ്ങളെ ആക്രമിക്കാന്‍ വരികയായിരുന്നു. സംഭവത്തിന് പിന്നാലെ എന്റെ അമ്മയും അവരും തമ്മില്‍ തര്‍ക്കമായി. പരാതി നല്കാനെത്തിയപ്പോള് സബ് ഇന്‍സ്പെക്ടര്‍ അത് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, എന്റെ അമ്മയെ അധിക്ഷേപിക്കുകയും ചെയ്തു. ഇതോടെയാണ് അമ്മ സാനിറ്റൈസര്‍ കുടിച്ചതെന്നും’ ഇയാള്‍ ആരോപിച്ചു.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ വാദമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഉന്നയിക്കുന്നത്. ‘ഏറമ്മയുടെ അയല്‍ക്കാരി ഒരു ദളിത് സ്ത്രീയാണ്. ഏറമ്മയുടെ മകനാണ് അവിടെ ഗ്രാമത്തിന്റെ തലവന്‍. ഇയാള്‍ കുറേയധികം നാളുകളായി ഈ ദളിത് സ്ത്രീയെ മോശം വാക്കുകള്‍ ഉപയോഗിച്ച് കളിയാക്കുമായിരുന്നു. അവരെ പലരീതിയിലും ഇയാള്‍ വിഷമത്തിലാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഈ സ്ത്രീ ചിരഞ്ജീവിക്കെതിരെ പൊലീസില്‍ പരാതി നല്കി. പരാതി ലഭിച്ചെങ്കിലും, ഞങ്ങള്‍ അയാള്‍ക്കെതിരെ കേസ് എടുക്കാതെ താക്കീത് നല്‍കുകയാണ് ചെയ്തത്. ഇതിന് ശേഷവും ചിരഞ്ജീവി ഈ സ്ത്രീയുടെ മകളെ അധിക്ഷേപിക്കുന്നത് തുടര്‍ന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഏറമ്മയും അയല്‍വാസിയും തമ്മില്‍ വീണ്ടും തര്‍ക്കമായി. ഇവര്‍ ഏറമ്മക്കെതിരെ വീണ്ടും പരാതി നല്കിയപ്പോള്, ഏറമ്മയോടും മകനോടും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അന്വേഷണത്തിന് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടെങ്കിലും, ആദ്യം ഇരുവരും ഇതിന് തയ്യാറായില്ല. കഴിഞ്ഞ ദിവസം വീണ്ടും പൊലീസ് സ്റ്റേഷനിലെത്തിയ ഏറമ്മ പൊലീസുകാരോട് അസഭ്യം പറയുക.യും, ശേഷം സാനിറ്റൈസര്‍ എടുത്ത് കുടിക്കുകയുമായിരുന്നുവെന്നും’ പൊലീസ് പറഞ്ഞു.
Comments