ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു പോയ സൈനികന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. സൈനികന്റെ വീട്ടില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയുള്ള ലന്ദൂര എന്ന ഗ്രാമത്തില്‍ നിന്നാണ് വസ്ത്രങ്ങള്‍ കണ്ടെത്തിയത്. കാണാതായ ദിവസം അദ്ദേഹം ധരിച്ചിരുന്ന വസ്ത്രങ്ങളാണ് കണ്ടെത്തിയതെന്ന് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞു.
ഓഗസ്റ്റ് 2 നാണ് കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ നിന്നും സൈനികനായ ഷാക്കിര്‍ മന്‍സൂറിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. വീട്ടില്‍ നിന്നും ടെറിട്ടോറിയല്‍ ആര്‍മി ക്യാമ്പിലേയ്ക്ക് പോകും വഴിയാണ് ഇദ്ദേഹത്തിന് നേരെ ഭീകരരുടെ ആക്രമണം ഉണ്ടായത്. ഷാക്കിര്‍ മന്‍സൂറിന്റെ വാഹനം തടഞ്ഞു നിര്‍ത്തി അദ്ദേഹത്തെ കീഴപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു. സഞ്ചരിച്ചിരുന്ന വാഹനവും ഭീകരര്‍ തീയിട്ട് നശിപ്പിച്ചു.
അദ്ദേഹത്തിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സുരക്ഷാ സേന അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിനെ കണ്ടെത്താനുള്ള തെരച്ചില്‍ നടക്കുന്നുണ്ടെന്നും സുരക്ഷാ സേന അറിയിച്ചു.
Comments