കാലത്തിനൊപ്പം കോലവും മാറുകയാണ് തപാൽ വകുപ്പ്. പരമ്പരാഗത തപാൽ സേവനങ്ങൾക്ക് പ്രസക്തി കുറഞ്ഞപ്പോൾ പുത്തൻ പാതകൾ തിരയുകയാണ് തപാൽ വകുപ്പ്. ആധാർ എന്റോൾമെന്റ് തെറ്റുതിരുത്തൽ, പുതുക്കൽ, മൊബൈൽ റീചാർജ്ജ്, പാചകവാതക ബുക്കിങ്, ഡി ടി എച്ച് റീചാർജിങ്, ബ്രോഡ്ബാൻഡ് കണക്ഷന്റെ ബിൽ അടയ്ക്കൽ, വൈദ്യുതി, വെള്ളക്കരം അടയ്ക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കൽ, ദേശീയ പെൻഷൻ പദ്ധതിയിലേക്കുള്ള വിഹിതം അടയ്ക്കൽ എന്നിവയ്ക്ക് ഇനി തപാൽ വകുപ്പിന്റെ കരങ്ങളും.
ലോക്ക്ഡൗൺ സമയത്ത് ഏറെ ജനപ്രീതി നേടിയ ഒന്നാണ് ആധാർ എനേബിൾഡ് പേയ്മെന്റ് സിസ്റ്റം (എ ഇ പി എസ്). തപാൽ ഓഫീസുകളിൽ വിളിച്ചറിയിക്കുന്നതനുസരിച്ച് പോസ്റ്റ്മാൻ പണം കൊണ്ടുതരുന്ന പദ്ധതിയാണിത്. ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ഏത് ബാങ്ക് അക്കൗണ്ടിൽ നിന്നും ഈ സിസ്റ്റം വഴി പണം പിൻവലിക്കാവുന്നതാണ്. പിൻവലിക്കാവുന്ന പരമാവധി തുക 10,000 രൂപയാണ്.
പോസ്റ്റ് ഓഫീസിൽ ഐ പി പി ബി അക്കൗണ്ട് ഉള്ള ആർക്കും തന്നെ ഐ പി പി ബി ആപ്പ് വഴി പണമിടപാടുകൾ നടത്താം. മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുവാനും ബില്ലുകളും പ്രീമിയം തുകകളും അടയ്ക്കുവാനും കടകളിലും മറ്റും പണമിടപാടുകൾ നടത്തുവാനും ഈ ആപ്പ് വഴി സാധിക്കും.
പോസ്റ്റ്ഓഫീസിൽ അക്കൗണ്ട് തുറക്കാൻ വളരെ എളുപ്പമാണ്. ആധാർ നമ്പർ മാത്രം മതി. മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ട് റെഡി.
പരമ്പരാഗത നിക്ഷേപ പദ്ധതികൾക്ക് പുറമെ തപാൽ വകുപ്പ് സോവറിൻ സ്വർണബോണ്ടുകളും ഇറക്കികഴിഞ്ഞു. എട്ട് വർഷമാണ് കാലവധിയെങ്കിലും അഞ്ചുവർഷം പൂർത്തിയായാൽ സറണ്ടർ ചെയ്യാനാകും. സറണ്ടർ ചെയ്യുമ്പോൾ ആ സമയത്ത് വിപണിയിലെ സ്വർണ്ണത്തിന്റെ മൂല്യമാണ് ലഭിക്കുക. കൂടാതെ ആറുമാസം ഇടവേളയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് രണ്ടര ശതമാനം പലിശനിരക്കിൽ പലിശ അക്കൗണ്ടിലേക്ക് ലഭിക്കും.
Comments