തൃശ്ശൂര്‍ : കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വടക്കാഞ്ചേരി ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണാക്കി. നഗരസഭയിലെ 12,15,16,18,31,33,38,39,40 ഡിവിഷനുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.
ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാഹനങ്ങളിലെ രാത്രിയാത്ര പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അടിയന്തിര സാഹചര്യത്തില്‍ പോലീസിന്റെ അനുമതിയോടെ യാത്രചെയ്യാം. കടകളും വ്യാപാര സ്ഥാപനങ്ങളും മറ്റും മൂന്ന് പേരെ വെച്ചു പ്രവര്‍ത്തിക്കാം. ബാങ്ക്, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയില്ല. മൂന്ന് പേരില്‍ കൂടുതല്‍ കൂട്ടം ചേരരുതെന്നും നിര്‍ദ്ദേശമുണ്ട്.
അതേസമയം പാലക്കാട് ജില്ലയില്‍ സ്ഥിതി ഗുരുതരമാണെന്ന് മന്ത്രി എകെ ബാലന് പറഞ്ഞു. ജില്ലയിലെ കോങ്ങാട്, പുതുനഗരം എന്നിവിടങ്ങളില്‍ രണ്ട് ക്ലസ്റ്ററുകള്‍ കൂടി രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇരു പ്രദേശങ്ങളിലും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും ഉറവിടം അറിയാത്ത രോഗികളുടെ എണ്ണവും കൂടുതലാണ്. രോഗവ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പട്ടാമ്പിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
Comments