ന്യൂഡല്‍ഹി: ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ചെങ്കോട്ടയില്‍ വെച്ചാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക. ഒരു രാജ്യം ഒരു ഹെല്‍ത്ത് കാര്‍ഡ് എന്ന പദ്ധതിയെ കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം അദ്ദേഹം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ഓരോ പൗരന്റേയും ആരോഗ്യ രേഖകള്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക് മാറ്റുന്നതാണ് ഒരു രാജ്യം ഒരു ഹെല്‍ത്ത് കാര്‍ഡ് പദ്ധതി. പദ്ധതിയുടെ കീഴില്‍ ഒരു വ്യക്തിയുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ അതായത് ആ വ്യക്തി നടത്തിയ എല്ലാ ചികിത്സകളെയും പരിശോധനകളെയും കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ രേഖകളായി സൂക്ഷിക്കും. ആശുപത്രികളും ക്ലിനിക്കുകളും ഡോക്ടര്‍മാരെയുമെല്ലാം സെന്‍ട്രല്‍ സെര്‍വറുമായി ബന്ധിപ്പിക്കും.
ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പിലാക്കുക. ബഡ്ജറ്റില്‍ 500 കോടി രൂപയാണ് പദ്ധതിയുടെ പ്രാരംഭ ഘട്ട നടപടികള്‍ ആരംഭിക്കാനായി നീക്കി വെച്ചിരിക്കുന്നത്. രാജ്യത്ത് ഏതൊരു ആശുപത്രിയിലും ചികിത്സയ്ക്കെത്തുന്ന രോഗിയ്ക്ക് അവന്റെ ചികിത്സ സംബന്ധിച്ചുള്ള എല്ലാ റിപ്പോര്‍ട്ടുകളും യുണീക്ക് ഐഡി ഉപയോഗിച്ച് കാണാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്ന നടപടികള്‍ സ്വീകരിച്ചു കൊണ്ടായിരിക്കും പദ്ധതി ആവിഷ്ക്കരിക്കുക.
Comments