മോസ്കോ: റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ എത്തിക്സ് കൗണ്‍സിലില്‍ നിന്നും മുതിര്‍ന്ന ഡോക്ടര്‍ രാജിവെച്ചു. പ്രൊഫസര്‍ അലക്സാണ്ടര്‍ ചച്ച്ലിനാണ് രാജി വെച്ചത്. മൂന്നാം ഘട്ടം പരീക്ഷണം നടത്തുന്നതിന് മുന്‍പ് കൊറോണ വാക്സിന് രജിസ്ട്രേഷനുള്ള നടപടികളുമായി റഷ്യ മുന്നോട്ട് പോയതിന് പിന്നാലെയാണ് എത്തിക്സ് കൗണ്‍സിലില്‍ നിന്നും ഡോക്ടര്‍ രാജിവെച്ചത്.
സുരക്ഷ മുന്‍നിര്‍ത്തി വാക്സിന്റെ രജിസ്ട്രേഷന് നടപടികള്‍ തടയണമെന്നാണ് അദ്ദേഹത്തിന്റെ വാദമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിലെ ആദ്യ കൊറോണ വാക്സിന്റെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാക്സിന് നിര്‍മ്മാണം രണ്ടാഴ്ച്ചക്കുള്ളില്‍ തുടങ്ങുമെന്ന പ്രഖ്യാപനം റഷ്യന്‍ ആരോഗ്യ മന്ത്രിയും നടത്തിയിരുന്നു.
എന്നാല്‍ വാക്സിന് നിര്‍മ്മിക്കാന്‍ റഷ്യ തിടുക്കം കൂട്ടുന്നുണ്ടെന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എത്തിക്സ് കൗണ്‍സിലില്‍ നിന്നും രാജിവെയ്ക്കാനുള്ള കാരണം എന്താണെന്ന് അലക്സാണ്ടര്‍ ചച്ച്ലിന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ രാജി വെയ്ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മാദ്ധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കും അനുമതി നല്‍കുന്നതിന് മുന്‍പ് അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു. മനുഷ്യര്‍ക്ക് അത് എത്രത്തോളം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
Comments