ലക്നൗ : ഉത്തര്‍പ്രദേശില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് താക്കീത് നല്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുന്‍ സമാജ്വാദി പാര്‍ട്ടി മുന്‍ എംപി അത്വിഖ് അഹമ്മദ് അനധികൃതമായി സ്വന്തമാക്കിയ സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. പ്രയാഗ്രാജിലെ 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് വസ്തുവകകളാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്.
കുറ്റവാളി നിയമ പ്രകാരമാണ് സ്വത്തുക്കള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തത്. രണ്ടര കോടി രൂപ വിലമതിക്കുന്ന രണ്ട് വീടുകള്‍, ഓം പ്രകാശ് സഭാസാദ് നഗറിലെ സ്ഥലം, 20 കോടി രൂപ വിലമതിക്കുന്ന എംജി റോഡിലെ വസ്തുവകള്‍ എന്നിവയാണ് സര്‍ക്കാര്‍ പിടിച്ചെടുത്തത്. ജില്ലാ മജസിട്രേറ്റിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍. അഹമ്മദിന്റെ കൂട്ടാളികളുടെ വസ്തുവകകളും സമാനമായ നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
എംപിയായിരിക്കേ കുറ്റകൃത്യങ്ങളിലൂടെയാണ് അഹമ്മദ് ഇത്രയും സ്വത്തുക്കള്‍ സ്വന്തമാക്കിയത്. പ്രയാഗ്രാജിന് പുറമേ ചാകിയയിലെ അഹമ്മദിന്റെ വീടും പിടിച്ചെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഇതിന് പുറമേ സംസ്ഥാനത്ത് അഹമ്മദിനുള്ള 13 സ്വത്തുവകകള്‍ കൂടി കണ്ടുകെട്ടാനുള്ള ആലോചനയും സര്‍ക്കാരിനുണ്ട്.
കഴിഞ്ഞ ദിവസം മാഫിയാ ഡോണും രാഷ്ട്രീയ പ്രവര്‍ത്തകനുമായ മുക്താര്‍ അന്‍സാരി അനധികൃതമായി നിര്‍മ്മിച്ച വീട് സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സര്‍ക്കാര്‍ സമാനമായ നടപടി കൈക്കൊള്ളുന്നത്.
Comments