ദോഹ: ഖത്തറില്‍ 2022ല്‍ അരങ്ങേറുന്ന ഫിഫ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് താമസിക്കാന്‍ ഹോട്ടല്‍ മുറികള്‍ക്കു പുറമേ 15,000 മുറികള്‍ കൂടി. 150 സ്വകാര്യ കെട്ടിടങ്ങളിലായാണ് ഇത്രയും മുറികള്‍ ഒരുക്കിയത്. പത്ത് ലക്ഷത്തിലേറെ കാണികള്‍ ലോകകപ്പ് ഫുട്ബോള്‍ വീക്ഷിക്കാന്‍ ഖത്തറില്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. ഇതിനു പുറമേ ആഡംബര കപ്പലുകളിലും മരുഭൂമിയിലെ ആഡംബര തമ്പുകളിലും താമസസൗകര്യം ഒരുക്കുമെന്ന് മത്സരത്തിന്റെ ഖത്തറിലെ സംഘാടനച്ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസി നേരത്തെ വ്യക്തമാക്കിയിരുന്നു. പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത കെട്ടിടങ്ങളും ടവറുകളും പാര്‍പ്പിട കേന്ദ്രങ്ങളുമാണ് കാണികള്‍ക്ക് താമസമൊരുക്കാന്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് പാട്ടത്തിനെടുക്കുക. ഇതിനായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും ഭരണവികസന, തൊഴില്‍, സാമൂഹ്യകാര്യ മന്ത്രാലയത്തിനു കീഴിലെ സര്‍ക്കാര്‍ പാര്‍പ്പിട വകുപ്പും ധാരണാപത്രം ഒപ്പുവെച്ചിരുന്നു. റിയല്‍ എസ്റ്റേറ്റ് ഉടമകളില്‍ നിന്ന് വലിയ സഹകരണമാണ് പദ്ധതിക്കു ലഭിച്ചത്. നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് കര്‍ശന പരിശോധനക്കു ശേഷമേ കെട്ടിടം ഏറ്റെടുക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് ഉടമകളുമായി ലീസ് കരാര്‍ ഒപ്പുവെക്കൂ. ലോകകപ്പ് കഴിഞ്ഞാലും നിലനില്‍ക്കുന്ന തരത്തില്‍ അഞ്ചു വര്‍ഷ കരാര്‍ ആണ് ഒപ്പുവയ്ക്കുക. 2030ലേക്കുള്ള ഖത്തര്‍ ദേശീയ ദര്ശനരേഖയ്ക്ക് അനുസൃതമായാണ് പദ്ധതി. പദ്ധതിയുടെ പ്രഥമഘട്ടം പൂര്‍ത്തിയാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഭരണവികസന, തൊഴില്‍, സാമൂഹ്യകാര്യ മന്ത്രി യൂസുഫ് മുഹമ്മദ് അല്‍ ഉസ്മാന് ഫക്രൂ പറഞ്ഞു. മധ്യപൗരസ്ത്യ- അറബ് ലോകത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിനു രണ്ട് വര്‍ഷം മുമ്പേ ഇത്രയും മുറികള്‍ സജ്ജമാക്കാനായതില് ഏറെ സന്തോഷമുണ്ടെന്ന് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദി പറഞ്ഞു.
Comments