ഓണത്തിന് വീടുകളില്‍ പൂക്കളം ഒരുക്കുന്നത് സാധാരണമാണ്. എന്നാല്‍ വര്‍ഷത്തില്‍ മുന്നൂറ്റി അറുപത്തിയഞ്ച് ദിവസവും ഉമ്മറത്ത് പൂക്കളം ഒരുക്കുന്ന ഒരു കോവിലകമുണ്ട്. കോഴിക്കോട് പുറമേരിയിലെ ആയഞ്ചേരി കോവിലകത്താണ് വര്‍ഷത്തില്‍ എല്ലാ ദിവസവും പൂക്കളമിടുന്നത്.
1942 ല്‍ തുടങ്ങിയ ഈ സമ്പ്രദായം എഴുപത്തിയെട്ട് വര്‍ഷമായി നിലനിന്നു പോരുന്നു. ഇപ്പോള്‍ കോവിലകത്തുള്ള ഉദയവര്മ്മരാജയും വത്സലതമ്പുരാട്ടിയുമാണ് പൂക്കളമിടുന്നത്. ഒരു ദിവസം പോലും ഇവര്‍ പൂക്കളം മുടക്കാറില്ല. വീട്ടില്‍ ആളില്ലാത്ത സമയത്ത് വീടിനടുത്തുള്ളവരെ പൂക്കളമിടാനായി പറഞ്ഞേല്‍പ്പിക്കും. പൂജാമുറിയിലെ വിളക്കിനു മുന്പില് ഉമ്മറത്താണ് പൂക്കളം ഒരുക്കുന്നത്.
ശ്രേഷ്ഠമായി നമ്മുക്ക് കിട്ടിയതൊന്നും കളയരുതെന്ന ചിന്താഗതിയാണ് ഇപ്പോഴും കോവിലകത്ത് പൂക്കളം ഇടുന്നതിനു കാരണം എന്നാണ് ഉദയവര്‍മ്മ രാജാ പറയുന്നത്. നേരം വെളുക്കുമ്പോള്‍ തന്നെ ഉദയവര്മ്മരാജയും വത്സലതമ്പുരാട്ടിയും പൂക്കള്‍ ശേഖരിക്കാനായി ഇറങ്ങും. പല നിറത്തിലുളള ചെമ്പരത്തി, കാശിത്തുമ്പ, അരിപ്പൂവ്, ശങ്കുപുഷ്പം, നന്ത്യാര്‍വട്ടം, മന്ദാരം, കൃഷ്ണ കിരീടം എന്നിങ്ങനെ മുറ്റത്തും പറമ്പിലുമായി നില്ക്കുന്ന വിവിധ വര്‍ണ്ണത്തിലുള്ള പൂക്കളാണ് വീട്ടില്‍ പൂക്കളം ഒരുക്കുന്നതിനായി ഉപയോഗിക്കുന്നത്.
രാവിലെ ഏഴുമണി ആകുമ്പോഴേക്കും പൂക്കളം തയ്യാറാകും വത്സലതമ്പുരാട്ടിയ്ക്ക് അഞ്ചു നിമിഷം മതി വളരെ ഭംഗിയുള്ള പൂക്കളം തയ്യാറാക്കാന്‍. പൂക്കളം തീര്‍ത്തതിനു ശേഷം മാത്രമേ ഉദയവര്മ്മരാജയും വത്സലതമ്പുരാട്ടിയും ഭക്ഷണം കഴിക്കുകയുളളൂ. ഓണത്തിന് പത്ത് ദിവസം പോലും തികച്ചു പൂക്കളമിടാതെ തിരുവോണ നാളില്‍ മാത്രം പൂവിടുന്ന ആളുകളുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ അവര്‍ കണ്ടു പഠിക്കേണ്ടതാണ് ഈ പാരമ്പര്യം. എത്രയൊക്കെ കാലം മാറിയാലും എന്തെല്ലാം പരിഷ്കാരങ്ങള്‍ പറഞ്ഞാലും പഴമയും പാരമ്പര്യവും നമ്മുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണെന്ന് തെളിയിക്കുകയാണ് ഈ കോവിലകം.
Comments