വാഷിംഗ്ടണ്‍: കൊറോണ നിയന്ത്രണവിധേയമാക്കാന്‍ വടക്കന്‍ കൊറിയയില്‍ വെടിവെച്ചു കൊല്ലല്‍ തീരുമാനമെടുത്തതായി അമേരിക്കയുടെ ആരോപണം. ഏഷ്യന്‍ മേഖലയിലെ കമാന്ററുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കൊറോണ നിയന്ത്രിക്കുന്നതിന് പകരം രോഗം ബാധിച്ചവരെ വെടിവെച്ചു കൊല്ലാന്‍ തീരുമാനിച്ചതായുള്ള വിവരമാണ് രഹസ്യമായി ലഭിച്ചതെന്ന് അമേരിക്ക പറയുന്നു. വടക്കന്‍ കൊറിയയുടെ പലഭാഗത്തും കൊറോണ പടര്‍ന്നു പിടിക്കുകയാണ്. ലോകരാജ്യങ്ങളുമായുള്ള അകല്‍ച്ചയും സുതാര്യമല്ലാത്ത ഭരണവും അവരെ പ്രതിസന്ധിയാക്കിയിരിക്കുകയാണെന്നും അമേരിക്ക ആരോപിച്ചു.അമേരിക്കയുടെ കമാന്ററായ റോബര്ച്ച് അബ്രാംസാണ് വടക്കന്‍ കൊറിയയുടെ അവസ്ഥ ഗുരുതരമാണെന്ന വാര്‍ത്ത പുറത്തുവിട്ടത്.
ചൈനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വടക്കന്‍ കൊറിയ ബീജിംഗിലേക്കുള്ള അതിര്‍ത്തി അടച്ചിരുന്നു. ചൈനയുടെ അതിര്‍ത്തിക്കടുത്തുള്ള മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ പരിശോധന കര്‍ശനമാക്കിയാണ് മറ്റ് നടപടികളിലേക്ക് കൊറിയന്‍ ഭരണകൂടം കടന്നിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇതുവരെ ഇല്ലാത്തവിധം പ്രത്യേക സേനാ വിഭാഗത്തേയാണ് നിയോഗിച്ചിരിക്കുന്നത്. ശക്തമായ ചുഴലിക്കാറ്റില്‍ 2000 ലധികം വീടുകള്‍ തകര്‍ന്ന പശ്ചാത്തലത്തില്‍ സാമ്പത്തികമായും വടക്കന്‍ കൊറിയ പ്രശ്നത്തിലാണ്.
Comments