ന്യൂയോര്‍ക്ക്: ചൈനയോടുള്ള അമേരിക്കയുടെ വ്യാപാര നയത്തിന് കൃത്യമായ നടപടിക്രമമില്ലെന്ന് ആരോപിച്ച് ലോക വ്യാപാര സംഘടന. എന്നാല്‍ ചൈനയുടെ ആഗോളതലത്തിലെ തട്ടിപ്പുകള്‍ക്കെതിരെ ലോക വ്യാപാര സംഘടന നടപടി എടുക്കാത്തതിനെ വിമര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി രംഗത്തെത്തി.
2018ല്‍ ചൈനയ്ക്കെതിരെ അമേരിക്കയുടെ വ്യാപര നയം പലതവണ തിരുത്തിക്കുറിച്ചു. തീരുമാനങ്ങള്‍ക്കൊന്നും തുടര്‍ച്ചയില്ല. ഒന്നിനും ഒരു അവസാന തീരുമാനം പറഞ്ഞിട്ടില്ലെന്നും ലോകവ്യാപാര സംഘടന കുറ്റപ്പെടുത്തി. എന്നാല്‍ അമേരിക്കയുടെ വാണിജ്യ താല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയാണ് തീരുമാനം എടുക്കുന്നതെന്നും ചൈനയുടെ അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ക്കെതിരെ ലോകവ്യാപാര സംഘടന എന്ത് നടപടിയാണ് എടുത്തെന്നും അമേരിക്കന്‍ പ്രതിനിധി തിരിച്ചു ചോദിച്ചു. വ്യാപാര സംഘടനയിലെ അമേരിക്കയുടെ പ്രതിനിധിയായ റോബര്‍ട്ട് ലൈറ്റ്സിഗറാണ് ശക്തമായ മറുപടി നല്‍കിയത്.
ലോക വ്യാപാര സംഘടനയുടെ സമിതി ചൈനയുടെ ദോഷകരമായ സാങ്കേതിക വ്യാപാര നയങ്ങളെ പ്രതിരോധിക്കാന്‍ അപര്യാപ്തമാണെന്നും അമേരിക്ക കുറ്റപ്പെടുത്തി. ചൈന നടത്തുന്നത് ബൗദ്ധിക സ്വത്തിന്മേലുള്ള കൊള്ളയും കടന്നുകയറ്റവുമാണ്. തെളിവ് നല്‍കിയിട്ടും ചൈനയുടെ കൊള്ള പുറത്തുകൊണ്ടുവരാനും നടപടി എടുക്കാനും ലോക വ്യാപാര സംഘടന തയ്യാറായിട്ടില്ലെന്നും അമേരിക്ക ആരോപിച്ചു.
Comments