ന്യൂഡൽഹി: രാജ്യത്തെ കൊറോണ രോഗമുക്തരുടെ എണ്ണം വർദ്ധിക്കുന്നു. പ്രതിദിന രോഗമുക്തരുടെ എണ്ണം ഏറ്റവും ഉയർന്ന നിലയിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 82,961 പേരാണ് രാജ്യത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
കൂടുതൽ പേർ ആശുപത്രി വിട്ടതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 39.5 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 39,42,360 പേരാണ് രോഗമുക്തി നേടിയത്. 9,95,933 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തരായവരുടെ 23.41 ശതമാനവും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ് (19,423). ആന്ധ്രാപ്രദേശ് (9,628), കർണാടക (7,406), ഉത്തർപ്രദേശ് (6,680), തമിഴ്നാട് (5,735) എന്നീ സംസ്ഥാനങ്ങളിൽ നിന്നും 35.5 ശതമാനം പേരാണ് രോഗമുക്തിനേടിയത്.
അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 78.53% ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മെയ് മാസത്തിൽ രോഗമുക്തരുടെ എണ്ണം 50,000 ആയിരുന്നെങ്കിൽ സെപ്റ്റംബർ ആയപ്പോൾ ഇത് 39 ലക്ഷം പിന്നിട്ടിരിക്കുകയാണ്. നിലവിൽ 1.6 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്.
Comments