ബെയ്ജിംഗ് : ചൈനയെ വിടാതെ പിന്തുടര്ന്ന് മാറാരോഗങ്ങള്‍. കൊറോണയ്ക്ക് പിന്നാലെ രാജ്യത്ത് മറ്റൊരു ബാക്ടീരിയ രോഗം കൂടി വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബ്രൂസെല്ല എന്ന ബാക്ടീരിയ സൃഷ്ടിക്കുന്ന ബ്രൂസെല്ലോസിസ് എന്ന രോഗമാണ് ഇപ്പോള്‍ ചൈനയിലെ ആളുകളെ ബാധിക്കുന്നത്.
ഇതിനോടകം തന്നെ ബ്രൂസെല്ലോസിസ് മൂവായിരത്തിലധികം ആളുകളിലേക്ക് പടര്‍ന്ന് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 3,245 പേര്‍ക്ക് രോഗമുള്ളതായി ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന് ലാന്സാഹു ആരോഗ്യ കമ്മീഷന് വ്യക്തമാക്കുന്നു. ബ്രൂസെല്ല എന്ന ബാക്ടീരിയ വാഹകരായ വളര്‍ത്തു മൃഗങ്ങളില്‍ നിന്നും പടരുന്ന രോഗം പുരുഷന്മാരില് പ്രത്യുത്പാദന ശേഷി ഇല്ലാതെയാക്കുന്നുണ്ടെന്നാണ് വിവരം.
അതേസമയം ചൈനയിലെ ബ്രുസെല്ലോസിസ് ബാക്ടീരിയ ബാധ മാള്‍ട്ട പനിയെന്നും മെഡിറ്ററേനിയന്‍ പനിയെന്നും അറിയപ്പെടുന്നതായി അമേരിക്കയുടെ സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് പ്രിവെന്‍ഷന്‍ പറയുന്നു. പനി, തലവേദന, ശരീര വേദന, ക്ഷീണം തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഈ ആരോഗ്യപ്രശ്നങ്ങള്‍ ജീവിതകാലം മുഴുവന്‍ തുടര്‍ന്നേക്കാമെന്നും സിഡിസി വ്യക്തമാക്കുന്നു.
വളര്‍ത്തു മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ബ്രൂസെല്ലോസിസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാനുള്ള സാദ്ധ്യത അപൂര്‍വ്വമാണ്. ഭക്ഷണത്തിലൂടെയോ വായുവിലൂടെയോ ആണ് ബ്രൂസെല്ല ബാക്ടീരിയകള്‍ ആളുകളിലേക്ക് എത്തുന്നത്.
Comments