തിരുവനന്തപുരം: സംസ്ഥാന സാംസ്കാരിക വകുപ്പ് തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന ശ്രീനാരായണഗുരു പ്രതിമ തിങ്കളാഴ്ച അനാച്ഛാദനം ചെയ്യും. ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷിക സ്മരണക്കാണ് പ്രതിമ സ്ഥാപിക്കുന്നത്.
1.19 കോടി രൂപ ചെലവിലാണ് സാംസ്കാരിക വകുപ്പ് പ്രതിമ ഒരുക്കുന്നത്. ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിർമ്മിച്ചത്. മ്യൂസിയം പോലീസ് സ്റ്റേഷന് എതിർവശത്തുള്ള ഒബ്സർവേറ്ററി ഹിൽസിലാണ് പ്രതിമ സ്ഥാപിക്കുക. ഇതോടനുബന്ധിച്ച് ഉദ്യാനവും ഒരുക്കും.
ഗുരുവിന്റെ സമാധി ദിനമായ തിങ്കളാഴ്ച രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രതിമ അനാച്ഛാദനം ചെയ്യുക. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ
ഒ. രാജഗോപാൽ, വി.എസ് ശിവകുമാർ, വി.കെ. പ്രശാന്ത്, ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സാംസ്കാരിക വകുപ്പ് അറിയിച്ചു. ചടങ്ങിൽ ശില്പി ഉണ്ണി കാനായിയെ ആദരിക്കും.
Comments