തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണം ഖുറാന് ഉയര്‍ത്തി പ്രതിരോധിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ട്. യുഡിഎഫും ബിജെപിയും ഖുര്‍ ആന്‍ വിരുദ്ധ പ്രക്ഷോഭം നടത്തുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ഇതിന്റെ മുന്നോടിയാണെന്നാണ് വിലയിരുത്തല്‍.
ശബരിമലയിലെ ആചാരലംഘന ശ്രമത്തോടെ എല്‍ഡിഎഫിന്റെ വോട്ടു ബാങ്കിലുണ്ടായ വിള്ളല്‍ മുസ്ലിം ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്തി പരിഹരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ മത വിഭാഗങ്ങളുടെ പിന്തുണ എല്‍ഡിഎഫിന് ലഭിച്ചിരുന്നു. എന്നാല്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ പിന്തുണ എല്‍ഡിഎഫിന് നഷ്ടമായി. ഈ സാഹചര്യത്തിലാണ് ഖുര്‍ ആനെ രാഷ്ട്രീയ ആയുധമാക്കാന്‍ സിപിഎം പദ്ധതിയിട്ടിരിക്കുന്നത്.
സമസ്തയിലൂടെ ലീഗിനെയും അതുവഴി യുഡിഫിനെയും സമ്മര്‍ദ്ദത്തിലാക്കാം. ബിജെപിയുടെ സമരത്തെ ന്യൂനപക്ഷ വിരുദ്ധ സമരമെന്ന മുദ്ര ചാര്‍ത്താം. ഖുര്‍ ആന്‍ വിരുദ്ധ പ്രക്ഷോഭമെന്ന വാദമുയര്ത്തുന്നതിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത് ഇത് രണ്ടുമാണെന്നാണ് പാര്‍ട്ടി സെക്രട്ടറിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്.
Comments