ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി കശ്മീരില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി തകര്‍ത്തു. കുപ്വാരയിലാണ് സംഭവം.
അടുത്തിടെയായി മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലില്‍ കുപ്വാരയിലെ വനമേഖലയായ കാണ്ടിയിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. ഇവിടെ നിന്നും നിരവധി ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.
ഉച്ചയോടെ ആരംഭിച്ച തെരച്ചിലില്‍ രണ്ട് എകെ-47 തോക്കുകളും ഒരു അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറും രണ്ട് ഹാന്‍ഡ് ഗ്രനേഡുകളുമാണ് സൈന്യം പിടികൂടിയത്. മേഖലയില്‍ സൈന്യത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്.
Comments