ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്‍ കര്‍ഷക വിരുദ്ധമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ ഹര്‍സിമ്രത്ത് കൗര്‍. ഒരു ദേശീയ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന് താന്‍ ഒരിക്കലും പറയില്ലെന്നും, ചില കര്‍ഷകര്‍ ഈ ബില്ലിനെ കര്‍ഷക വിരുദ്ധമെന്ന് പറയുന്നുണ്ടെന്നും, ഇതില്‍ വ്യക്തത വരുത്തുമെന്നുമാണ് ഹര്‍സിമ്രത് പറഞ്ഞത്. കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനാണ് ബില്ലുകള്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നിരിക്കുന്നത്. അത് കര്‍ഷകരുടെ നേട്ടത്തിനാണെന്ന് അവര്‍ വിശ്വസിക്കണമെന്നും ഹര്‍സിമ്രത് വ്യക്തമാക്കി.
കാര്‍ഷിക ബില്ലിനെക്കുറിച്ച് പ്രതിപക്ഷം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും വ്യക്തമാക്കിയിരുന്നു. കര്‍ഷകര്‍ക്ക് പുതിയ സ്വാതന്ത്ര്യം നല്‍കുന്നതാണ് ബില്ലുകള്‍. മിനിമം താങ്ങുവിലയും, സര്‍ക്കാരിന്റെ സംഭരണവും നിര്‍ത്താന്‍ ഒരു നീക്കവും നടത്തുന്നില്ല. അരിയും ഗോതമ്പും സര്‍ക്കാര്‍ സംഭരിക്കില്ലെന്ന് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. കര്‍ഷകരെ ചതിക്കാനുള്ള നീക്കമാണിത്. ഇടനിലക്കാരെ സഹായിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments