തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.ടി ജലീലിന് കുരുക്ക് മുറുകുന്നു. സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ വിളിച്ചത് യുഎഇ കോണ്‍സുല്‍ ജനറല്‍ നിര്ദ്ദേശിച്ചിട്ടാണെന്ന മൊഴി മന്ത്രിക്ക് കൂടുതല്‍ കുരുക്കായേക്കും. സ്വപ്നയുമായി ഇതിന് മുന്‍പും ജലീല്‍ നിരന്തരം വിളിച്ചതിന്റെ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചതായാണ് സൂചന.
ബംഗളൂരുവില്‍ അറസ്റ്റിലായതിനു പിന്നാലെ സ്വപ്നയെ അന്വേഷണ സംഘം ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നെങ്കിലും മന്ത്രിക്കെതിരായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, സ്വപ്നയുടെ മൊബൈലും ലാപ്ടോപ്പും പരിശോധിച്ചപ്പോഴാണ് ജലീലിന്റെ ചിത്രം തെളിഞ്ഞുവന്നത്. സ്വപ്ന പല തവണ ജലീലുമായി ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചതോടെയാണ് മന്ത്രിയെ ചോദ്യം ചെയ്തത്.
അതേസമയം, ജലീലിന്റേതല്ലാത്ത ഒരു ഫോണില്‍ നിന്നും സ്വപ്നയുടെ ഫോണിലേക്ക് ഒരു ശബ്ദ സന്ദേശം വന്നിരുന്നു. ഈ ശബ്ദത്തിന് ജലീലിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. ഇക്കാര്യത്തില്‍ ഉറപ്പുവരുത്താനായി ജലീലിന്റെ ശബ്ദ സാമ്പിളുകള്‍ അന്വേഷണ സംഘം ശേഖരിച്ചേക്കും. മന്ത്രിയുടെ വിദേശയാത്രകളും എന്‍ഐഎ നിരീക്ഷിച്ചു വരികയാണ്. വൈകാതെ തന്നെ മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ തീരുമാനം.
Comments