ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വെള്ളം, വൈദ്യുതി ബില്ലുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. ഒരു വര്‍ഷത്തേക്ക് ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍ ഉള്ളവര്‍ക്ക് വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബില്ലില്‍ 50 ശതമാനം ഇളവ് നല്‍കും.
ലോക്ക് ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കാനായി 1,350 കോടിയുടെ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക പാക്കേജില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്കും വിനോദ സഞ്ചാര മേഖലകള്‍ക്കും ഒരു വര്‍ഷത്തേക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. 105 കോടി രൂപ ഇതിനായി മാറ്റിവെച്ചു. കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
പുതിയ പദ്ധതിയുടെ ഭാഗമായി സ്റ്റാമ്പ് ഡ്യൂട്ടി 2021 മാര്‍ച്ച് വരെ ഒഴിവാക്കിയിട്ടുണ്ട്. എല്ലാ വ്യവസായികളുടെയും വായ്പാ പലിശയില്‍ ആറ് മാസത്തേക്ക് അഞ്ചു ശതമാനം ഇളവും പദ്ധതിയുടെ ഭാഗമായി നല്‍കുന്നുണ്ട്. വ്യവസായ മേഖലയുടെ ഉത്തേജനത്തിനായി പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Comments