: യു.എ.ഇയിൽ വിവാഹ ചടങ്ങുകൾ പത്തു പേരിലൊതുക്കണം. വിവാഹം, ശവസംസ്കാരം എന്നിവയടക്കമുള്ള സാമൂഹിക സംഗമങ്ങൾക്ക് ആരോഗ്യ, പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ വ്യവസ്ഥകൾ പ്രകാരമാണിത്. ഇതുപ്രകാരം വിവാഹങ്ങൾക്കും ശവസംസ്കാരങ്ങൾക്കും ഇരു കുടുംബങ്ങളിലെയും പ്രഥമ ബന്ധുക്കൾക്ക് മാത്രമേ പങ്കെടുക്കാൻ അനുമതിയുള്ളൂ. വിവാഹത്തിലും അനുബന്ധ ചടങ്ങുകളിലും പത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ അനുമതിയില്ല. ബുഫെ ഭക്ഷണ രീതി പാടില്ല. 24 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ഫലം ലഭിച്ചവർ പങ്കെടുക്കുന്നതാണ് അഭികാമ്യം.
ശവസംസ്കാര ചടങ്ങുകളിലും പത്തുപേരിൽ കൂടുതൽ പാടില്ല. ശവസംസ്കാര ചടങ്ങുകൾ ചെയ്യുന്ന രണ്ടുപേർക്ക് കൂടി അനുമതിയുണ്ട്. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്ന ചടങ്ങുകളിൽ നാലു മുതൽ എട്ടുപേർക്ക് മാത്രമായിരിക്കും ഇതിനായി അനുമതി. എല്ലാവരും മുഖാവരണമടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളുകയും ഇതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കുകയും ചെയ്യണം.
താമസ കേന്ദ്രങ്ങളിൽ കുടുംബ സംഗമങ്ങൾ സംഘടിപ്പിച്ചവർക്കും വ്യവസ്ഥകൾ തെറ്റിച്ച് വിവാഹ സത്കാരം നടത്തിയവർക്കും അയ്യായിരം ദിർഹം മുതൽ പതിനായിരം ദിർഹം വരെയാണ് പിഴ. വാഹനങ്ങളിൽ മൂന്നിൽ കൂടുതൽ പേർ യാത്ര ചെയ്താലും 3000 ദിർഹം പിഴ ചുമത്തും.
Comments