ന്യൂഡല്‍ഹി: ആഗോള തലത്തില്‍ പാകിസ്താന് സാമ്പത്തിക തിരിച്ചടി നല്കി ഇന്ത്യ. ബസ്മതി അരിക്ക് ഭൗമ സൂചികാ പദവി കിട്ടുന്നതിനുള്ള നീക്കമാണ് ഇന്ത്യ നടത്തുന്നത്. ഇതിനായി യൂറോപ്യന്‍ യൂണിനെ സമീപിച്ചിരുക്കുകയാണ് ഇന്ത്യ.
ബസ്മതി അരിയുടെ ജന്മദേശം ഇന്ത്യയിലാണെന്ന് സെപ്റ്റംബറില്‍ യൂറോപ്യന്‍ യൂണിയനില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രത്യേക പ്രദേശത്ത് ഉല്പാദിപ്പിക്കപ്പെടുന്ന സുഗന്ധമുള്ള പ്രത്യേക തരം അരിയാണ് ബസ്മതി. ഉത്തരേന്ത്യയില്‍ ഹിമാലയന്‍ താഴ്വരയില് ഉള്‍പ്പെടുന്ന ഗംഗ സമതലത്തിന്റെ ഭാഗമാണ് ഈ പ്രദേശമെന്നും യൂറോപ്യന്‍ യൂണിയന് നല്കിയ അപേക്ഷയില്‍ പറയുന്നു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഈ നെല്ലിനം കൃഷിചെയ്യുന്നുണ്ടെന്നും ഇന്ത്യ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ അപേക്ഷ അംഗീകരിച്ച് ബസ്മതി അരിക്ക് ഭൗമ സൂചിക പദവി ലഭിച്ചാല്‍ അത് പാകിസ്താന് വലിയ തിരിച്ചടിയാകും. യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പാകിസ്താനും നിലവില്‍ ബസ്മതി കയറ്റി അയക്കുന്നുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ ഭൗമ സൂചിക നിയമം പാകിസ്താന് പാര്‍ലമെന്റ് പാസാക്കിയിരുന്നുവെങ്കിലും അത് ഇതുവരെ നടപ്പിലാക്കിയിരുന്നില്ല. അതിനാല്‍ യൂണിയനില്‍ എതിര്‍പ്പ് അറിയിക്കാന്‍ പാകിസ്താന് സാങ്കേതിക തടസങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നിര്‍ണ്ണായക നീക്കം.
Comments