ദോഹ: ഖത്തറിലെ ആദ്യ ഇലക്ട്രിക് വാഹന സംയോജന യൂണിറ്റ് രാജ്യത്തെ സ്വതന്ത്ര സാമ്പത്തിക മേഖലകളിലൊന്നായ റാസ് ബു ഫോണ്ടാസില്‍ സ്ഥാപിക്കും. ഫ്രാന്‍സിലെ ഗൗസിന് അഡ്വാന്‍സ് മൊബിലിറ്റി കമ്പനിയുമായി ഖത്തര്‍ ഫ്രീ സോണ്‍സ് അതോറിറ്റി(ക്യുഎഫ്സെഡ്എ) ഇതിനു കരാര്‍ ഒപ്പുവെച്ചു. ഗൗസിന് മൊബിലിറ്റിയും ഖത്തറിലെ അല്‍ അത്തിയ മോട്ടോഴ്സും ചേര്‍ന്ന സംയുക്ത സംരംഭമാണിത്. 20 ദശലക്ഷം യൂറോയാണ് മൂലധനം. റാസ് ബു ഫോണ്ടാസിലെ ബിസിനസ് ഇന്നൊവേഷന് പാര്‍ക്കിലായിരുന്നു കരാര്‍ ഒപ്പിടല്‍. സഹമന്ത്രിയും ഫ്രീ സോൺ ചെയര്‍മാനുമായ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയീദ്, അല്‍ അത്തിയ മോട്ടോഴ്സ് ചെയര്മാന് അബ്ദുല്‍ അസീസ് അല്‍ അത്തിയ, ഗൗസിന് സിഇഒ ക്രിസ്റ്റഫ് ഗൗസിന്, ഫ്രീ സോൺ സിഇഒ ലിം മെങ് ഹ്യൂ തുടങ്ങിയവര്‍ സംബന്ധിച്ചു. വൈദ്യുത വാഹന സംയോജന യൂണിറ്റ് ഖത്തറില്‍ ആരംഭിക്കുന്നതോടെ പ്രകൃതി സൗഹൃദമായ ഇലക്ട്രിക് വാഹനോപയോഗം പരമാവധി പ്രോത്സാഹിപ്പിക്കാന്‍ കഴിയും. വൈദ്യുത വാഹന സാങ്കേതിക വിദ്യയും ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ കേന്ദ്രവും സ്ഥാപിക്കുമെന്ന് ഫ്രീ സോൺ ചെയര്മാന് അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സയീദ് അറിയിച്ചു. സീപോര്‍ട്ട്, എയര്‍പോര്‍ട്ട്, ലോജിസ്റ്റിക്സ്, സ്മാര്‍ട്ട് സിറ്റി എന്നിവിടങ്ങളിലേക്ക് ആവശ്യമായ യന്ത്രസാമഗ്രികളും തങ്ങള്‍ നിര്‍മിക്കുമെന്ന് അല്‍ അത്തിയ മോട്ടോഴ്സ് ചെയര്മാന് അബ്ദുല്‍ അസീസ് അല്‍ അത്തിയ പറഞ്ഞു.
Comments