ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ഇന്ത്യ-ചൈന സംഘര്‍ഷം പരിഹരിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടേയും സൈനിക തലത്തിലുള്ള കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ഇന്ത്യയുടേയും ചൈനയുടേയും സൈനിക നേതാക്കള്‍ തമ്മിലുള്ള ആറാം ഘട്ട കൂടിക്കാഴ്ചയാണിത്. മോള്‍ഡോയില്‍ രാവിലെ ഒന്‍പതിന് കൂടിക്കാഴ്ച ആരംഭിക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനും ഇത്തവണ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം ആദ്യം ചൈനീസ് വിദേശകാര്യമന്ത്രിയുമായി, കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഉണ്ടാക്കിയ കരാറുകളാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്. മോസ്കോ ധാരണയ്ക്ക് ശേഷം നടക്കുന്ന ആദ്യ യോഗമാണിത്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് അഞ്ചിന മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അന്ന് അംഗീകാരം നല്‍കിയിരുന്നു.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ മേജര്‍ മനോജ് മുകുന്ദ് നരവനെ തുടങ്ങിയവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍, ഇന്ന് നടക്കേണ്ടുന്ന കൂടിക്കാഴ്ചയുടെ അജണ്ട ചര്‍ച്ച ചെയ്ത് അന്തിമമാക്കിയിരുന്നു. ലഫ്റ്റനന്റ് ജനറല്‍ ഹരീന്ദര്‍ സിംഗ് ആണ് ഇന്നത്തെ ഇന്ത്യ-ചൈന കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. മേജര്‍ ജനറല്‍ അഭിജിത് ബാപ്പത്, പാദം ശെഖാവത്ത്, വിദേശകാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നവീന്‍ ശ്രീവാസ്തവ തുടങ്ങിയവര്‍ ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സംഘത്തെ പ്രതിനിധീകരിക്കും. മേജര്‍ ജനറല്‍ ലിന് ലിയു ചൈനീസ് സംഘത്തിന് നേതൃത്വം കൊടുക്കും.
Comments