ശ്രീനഗർ : ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷം ആദ്യമായി കശ്മീരിൽ പിഡിപി നേതാക്കളുടെ യോഗം . ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി മുതിർന്ന നേതാക്കളുടെ യോഗം ചേർന്നത്.
പിഡിപി ആസ്ഥാനത്ത് തടങ്കലിലായിരിക്കുന്ന പാർട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തിയുടെ അഭാവത്തിൽ പാർട്ടി വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ വീരിയാണ് യോഗം വിളിച്ചു ചേർത്തത്. മുൻ മന്ത്രിമാരും നിയമസഭാംഗങ്ങളും ഉൾപ്പെടെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
മുൻ മുഖ്യമന്ത്രി കൂടിയായ മുഫ്തി കർശനമായ പൊതുസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിൽ തുടരുകയാണ്. ഗുപ്കർ റോഡിലുള്ള ‘ഫെയർവ്യൂ’ വസതിയിലാണ് ഇപ്പോൾ മുഫ്തിയെ പാർപ്പിച്ചിരിക്കുന്നത്. ഇത് സബ് ജയിലാക്കി മാറ്റിയിട്ടുണ്ട്.
അതേ സമയം കശ്മീർ നിലവിൽ ശാന്തമാണെന്നും , അമിതാധികാരം റദ്ദാക്കിയത് കണക്കിലെടുത്ത് വീണ്ടും സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടികൾ എടുക്കുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments