ദോഹ: പച്ചക്കറി ലഭ്യതയില്‍ ഖത്തറിനെ സ്വയംപര്യാപ്തമാക്കാന്‍ പലതലങ്ങളില്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഹൗസ് വികസിപ്പിക്കാനൊരുങ്ങി ഖത്തര്‍ യൂണിവേഴ്സിറ്റി. ഖത്തറിലെ ആദ്യ സൗരോര്‍ജ ഗ്രീന്‍ ഹൗസാണിത്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ കാര്‍ഷിക ഗവേഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്കു ധനസഹായം നല്‍കുന്നത് ഖത്തര്‍ ദേശീയ ഗവേഷണ നിധി(ക്യുഎന്‍ആര്‍എഫ്), ദേശീയ മുന്‍ഗണനാ ഗവേഷണ പദ്ധതി(എന്പിആര്പി) എന്നിവയാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ സംരക്ഷിത കൃഷി അനിവാര്യമെന്ന കാഴ്ചപ്പാടിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രീന്‍ ഹൗസ് കൃഷിയിലൂടെ പച്ചക്കറിയില്‍ 70 ശതമാനം സ്വയംപര്യാപ്തത നേടാനാണ് ശ്രമമെന്ന് ഗ്രീന്‍ ഹൗസ് പദ്ധതി മുഖ്യഗവേഷകന്‍ ഡോ.സൗദ് ഗാനി പറഞ്ഞു. ഉപരോധ പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേല്‍ക്കൂരയിലെ ഫ്രിസനല് ലെന്സുകളിലൂടെ അനുയോജ്യ താപനില ഉറപ്പാക്കുന്ന തെര്‍മല്‍ ഇന്‍സുലേറ്റഡ് ഗ്രീന്‍ഹൗസാണ് വിഭാവനം ചെയ്തിരിക്കുന്നത്. സസ്യവളര്ച്ചക്ക് ആവശ്യമായ സൗരോര്‍ജം ഇതിലൂടെ ലഭിക്കും. സൗരവികിരണം ക്രമീകരിച്ച് ഗ്രീന്‍ ഹൗസിലെ താപനില കൂട്ടാനും കുറയ്ക്കാനും കഴിയും. ദോഹക്കു തെക്കുമാറി മെകാനീസിലെ നബാതി ഫാമില്‍ ഇതു സംബന്ധിച്ച പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. നൂതന എഞ്ചിനീയറിങ്, കൃഷി സാങ്കേതികത ഉപയോഗിച്ചാണ് ഗ്രീന്‍ഹൗസ് വികസിപ്പിക്കുകയെന്ന് പരിസ്ഥിതി മന്ത്രാലയം കാര്‍ഷിക ഗവേഷണ വകുപ്പ് ഡയറക്ടര്‍ ഹമദ് സാകിത് അല്‍ ഷമ്മാരി പറഞ്ഞു. വര്‍ഷത്തില്‍ 12 മാസവും കൃഷി നടത്താന്‍ ഇതു സഹായിക്കും.
Comments