ദോഹ: കോവിഡ് പ്രതിസന്ധിമൂലം മാന്ദ്യത്തിലായ പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് കുതിപ്പേകാന്‍ മഹാ വ്യാപാര മേളയ്ക്കു തുടക്കമായി. ഒക്ടോബര്‍ മൂന്നു വരെ നീളുന്ന വ്യാപാര മേളയുടെ വേദി ദോഹ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്റര്‍ (ഡിഇസിസി) ആണ്. സിഖ്ലിയ കമ്പനിയുടെ സഹകണത്തോടെ ഖത്തരി മാര്‍ക്കറ്റേഴ്സ് ആണ് വ്യാപാര പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, വിവിധ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ തുകല്‍ ഉല്പന്നങ്ങള് എന്നിവയെല്ലാം വ്യാപാര മേളയില്‍ ലഭ്യമാണ്. കോവിഡ് മൂലം കഴിഞ്ഞ ആറു മാസമായി ഖത്തറില്‍ വ്യാപാര മേളകളൊന്നും നടന്നിരുന്നില്ല. കോവിഡിനെതിരെ എല്ലാ മുന്‍കരുതലും സ്വീകരിച്ചാണ് വ്യാപാര മേളയെന്ന് സംഘാടകര്‍ പറഞ്ഞു. രാത്രി പത്ത് മണി വരെ നീളുന്ന പ്രദര്‍ശനത്തിൽ ഒട്ടേറെ പ്രമുഖ വ്യക്തികളും താരങ്ങളും പങ്കെടുക്കുന്നുണ്ട്. ദേശീയ സമ്പദ്ഘടനയ്ക്ക് ഉത്തേജനമേകാനും പ്രാദേശിക വിപണി വിഹിതം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് കഴിഞ്ഞ വര്‍ഷം ദോഹ ട്രേഡ് എക്സിബിഷനു തുടക്കമിട്ടത്.
Comments