കുവൈറ്റ് സിറ്റി – കൊറോണയുടെ പശ്ചാത്തലത്തിലാണ് സന്നദ്ധരക്തദാനരംഗത്തെ കൂട്ടായ്മയായ ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും, കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ, കുവൈത്തും സംയുക്തമായി സെന്‍ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി കൊണ്ട് തികച്ചും സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തനമെന്ന നിലയിലാണ് കെഇഎ പ്രവർത്തകർ രക്തദാനക്യാമ്പിൽ പങ്കെടുത്തത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ, രക്തദാനത്തിനും സന്നദ്ധ പ്രവർത്തനത്തിനുമായി ക്യാമ്പിൽ പങ്കു ചേർന്നു.
കൊറോണ മാനദണ്ഠങ്ങള്‍ പാലിച്ചുകൊണ്ട് പ്രവാസി സമൂഹം നടത്തിയ ഈ ഓണാഘോഷം തികച്ചും വ്യത്യസ്തത നിറഞ്ഞതായിരുന്നു. ബിഡികെ പ്രവർത്തകൻ, കെവിൻ മാത്യു മാവേലിയായി വേഷമിട്ടു. പേപ്പർ ക്രാഫ്റ്റിൽ തീർത്ത മനോഹരമായ പൂക്കളമൊരുക്കിയും കേരളീയ വേഷവും പരിപാടിക്ക് ഓണത്തിന്റെ പ്രതീതി നൽകി. രക്തദാനം ചെയ്തവർക്ക് സാക്ഷ്യപത്രങ്ങളും, പങ്കെടുത്തവർക്ക് പായസ വിതരണവും ചെയ്തു.
ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനകർമ്മം ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡണ്ട് ഡോ. അമീർ അഹ്മദ് നിർവ്വഹിച്ചു. കെ ഇ എ പ്രസിഡണ്ട് ഷെറിൻ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, രാജൻ തോട്ടത്തിൽ ഓണസന്ദേശം നൽകി. കെ ഇ എ ജനറൽ സെക്രട്ടറി അജിത് ഡോ. അമീർ അഹ്മദിന് മെമന്റോ നൽകി ആദരിച്ചു. ബിഡികെ കുവൈത്തിന് വേണ്ടി രഘുബാൽ സ്വാഗതവും, പ്രോഗ്രാം കൺവീനർ അനൂപ് കുമാർ നന്ദിയും രേഖപ്പെടുത്തി.
ദീപു ചന്ദ്രൻ, ബിജി മുരളി, ജയകൃഷ്ണൻ, ഹരീന്ദ്രൻ, യമുന, മുനീർ പിസി, പ്രവീൺ കുമാർ, മുജീബ്, സോഫി, ധന്യ, വേണുഗോപാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Comments