താലിബാനും അമേരിക്കയും തമ്മില്‍ ഒപ്പുവച്ച സമാധാന കരാറിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ അഫ്നാന് സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് താലിബാന് സംഘാംഗമായ ഖൈറുള്ള ഖൈര്‍ക്വ. കഴിഞ്ഞ ദിവസം ഒരു വെബ്സൈറ്റിന് നല്കിയ അഭിമുഖത്തിലാണ് ഖൈറുള്ള ആരോപണം ഉന്നയിച്ചത്. അമേരിക്കയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് അഫ്ഗാനിസ്ഥാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ കരാറിനെ കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും, ചര്‍ച്ചകള്‍ ഇപ്പോള്‍ ആരംഭിച്ചതേ ഉള്ളു എന്നുമാണ് ഇപ്പോള്‍ അവര്‍ പറയുന്നതെന്നും ഖൈറുള്ള പറഞ്ഞു. കഴിഞ്ഞ രണ്ട് ദശാബ്ദമായി താലിബാനും അഫ്ഗാന് സര്‍ക്കാരും തമ്മിലുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അഫ്ഗാനിസ്ഥാന് കരാര്‍ അംഗീകരിക്കാന്‍ മടി കാണിക്കുന്നതെന്നും ഖൈറുള്ള പറയുന്നു. ഫെബ്രുവരി 29നാണ് താലിബാനും അമേരിക്കയുമായി കരാര്‍ ഒപ്പ് വയ്ക്കുന്നത്.
അമേരിക്കയുമായുള്ള താലിബാന് ഇടപെടലിന്റെ ഫലമായാണ് അഫ്ഗാനില്‍ ചര്‍ച്ചകള്‍ നടക്കുന്നത് എന്ന് അംഗീകരിക്കാന്‍ അഫ്ഗാന് സര്‍ക്കാര്‍ മടിക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്നമെന്നും ഖൈറുള്ള പറയുന്നു. തടവുകാരെ കൈമാറ്റം ചെയ്തതിന് ശേഷമാണ് ഫെബ്രുവരിയില്‍ സമാധാന കരാറില്‍ ഒപ്പ് വയ്ക്കുന്നത്. തുടര്‍ന്ന് സെപ്തംബര്‍ 12നാണ് അഫ്ഗാന് സര്‍ക്കാരും താലിബാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ആരംഭിച്ചത്. അമേരിക്കയുടെ കൂടെ മധ്യസ്ഥതയിലായിരുന്നു ചര്‍ച്ചകള്‍. സമാധാനം പുനസ്ഥാപിക്കുന്നതിനായി നിരവധി മാര്‍ഗ നിര്‍ദേശങ്ങളും കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിന് ശേഷവും അഫ്ഗാനിസ്ഥാനില്‍ താലിബാന് ആക്രമണങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് അഫ്ഗാന് സര്‍ക്കാരും കുറ്റപ്പെടുത്തി.
Comments