മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ റിയാ ചക്രബർത്തി ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ബോളിവുഡിലെ ഉന്നത ലഹരി മാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് റിയയെന്ന് എൻസിബി ഹൈക്കോടതിയിൽ വ്യക്തമാക്കി. റിയയുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് എൻസിബി ഇക്കാര്യങ്ങൾ അറിയിച്ചത്.
സുശാന്ത് ലഹരി ഉപയോഗിക്കുന്ന വിവരം റിയയ്ക്ക് അറിയാമായിരുന്നു. റിയ ഇത് മറച്ചു വെയ്ക്കുകയും സുശാന്തിന് ലഹരി ഉപയോഗിക്കാൻ അനുകൂല സാഹചര്യമൊരുക്കുകയും ചെയ്തു. സുശാന്തിന് ലഹരി മരുന്ന് എത്തിച്ചു നൽകിയതും റിയയാണ്. ഇക്കാര്യങ്ങളിൽ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്ന് എൻസിബി മേഖലാ ഡയറക്ടർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബോളിവുഡ് നടിമാരായ ദീപികാ പദുക്കോൺ, സാറാ അലിഖാൻ, ശ്രദ്ധാകപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ എൻസിബി ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. മൊബൈൽ ഫോണുകളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് എൻസിബിയുടെ വിലയിരുത്തൽ.
Comments