തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസിൽ പോലീസിന് മുന്നറിയിപ്പുമായി സിബിഐ. കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഉദ്യോഗസ്ഥർ ഡിവൈഎസ്പിയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസ് ഡയറി ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്.
സിആർപിസി 91 പ്രകാരമാണ് സിബിഐ നോട്ടീസ് നൽകിയിരിക്കുന്നത്. മുൻപ് കേസ് ഡയറി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചപ്പോഴൊന്നും തന്നെ യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നിലപാട് കടുപ്പിയ്ക്കാൻ സിബിഐ തീരുമാനിച്ചത്.
സിആർപിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് നോട്ടീസ് നൽകുന്നത് അപൂർവ്വമാണ്. ഡിവൈഎസ്പിയ്ക്ക് പുറമേ കേസിന്റെ രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം കേസിൽ സുപ്രീംകോടതിയിൽ നിന്നും അന്തിമ വിധി ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. ഇതിനാലാണ് കേസ് രേഖകൾ കൈമാറാത്തത് എന്നും ഉദ്യോഗസ്ഥർ പറയുന്നു.
Comments