കൊൽക്കത്ത: തീവണ്ടിയാത്രക്കാരായ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി ദക്ഷിണ കിഴക്കൻ റെയിൽവേ. മൈ സഹേലി (എന്റെ കൂട്ടുകാരി) എന്ന പേരിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആരംഭമെന്ന നിലയിൽ പദ്ധതി ദക്ഷിണ കിഴക്കൻ മേഖലയിലെ മൂന്ന് തീവണ്ടികളിൽ നടപ്പാക്കുന്നുണ്ട്.
ഹൗറ- യശ്വന്ത്പൂർ തുരന്തോ സ്പെഷ്യൽ, ഹൗറ – അഹമ്മദാബാദ് സ്പെഷ്യൽ, ഹൗറ- മുബൈ സ്പെഷ്യൽ തീവണ്ടികളാണ് മൈ സഹേലി നടപ്പാക്കുന്നത്. സെപ്തംബർ 18 മുതൽ തീവണ്ടികളിൽ നടപ്പാക്കാൻ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.
യാത്രക്കാരായ സ്ത്രീകൾക്കൊപ്പം വനിതാ സബ് ഇൻസ്പെക്ടർമാരും അനുഗമിയ്ക്കുന്നതാണ് പദ്ധതി. തീവണ്ടി കയറിയ സ്റ്റേഷൻ മുതൽ ഇറങ്ങുന്ന സ്റ്റേഷൻവരെ വനിതാ ഉദ്യോഗസ്ഥർ യാത്രക്കാരോട് സംവദിയ്ക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചായിരിക്കും പ്രധാനമായു ഇവർ യാത്രക്കാരോട് സംസാരിക്കുക. ഇതിന് പുറമേ അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടുന്നതിനായി ഔദ്യോഗിക ഫോൺ നമ്പറുകളും നൽകും.
പദ്ധതിയുടെ ഭാഗമായി വനിതാ സബ് ഇൻസ്പെക്ടർമാർ വനിതാ യാത്രക്കാരുടെ സീറ്റ് നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിയ്ക്കും. യാത്രയിലുടനീളം ഇവരുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടുകൊണ്ടേയിരിക്കും.
Comments