ശ്രീനഗർ : ജമ്മു കശ്മീരിൽ പ്രകോപനം തുടർന്ന് പാകിസ്താൻ. കൃഷ്ണ ഗാട്ടി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് സൈന്യത്തിന്റെ ആക്രമണത്തിൽ ജവാൻ വീരമൃത്യുവരിച്ചു. പാക് സൈനികരുടെ അപ്രതീക്ഷിത ആക്രമണത്തിൽ ജവാൻ ലാൻസ് നായിക് സിംഗാണ് വീരമൃത്യുവരിച്ചത്.
പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വെടി നിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ആക്രമണം ആരംഭിച്ചത്. ആക്രമണം ഇന്ന് രാവിലെവരെ തുടർന്നതായാണ് റിപ്പോർട്ട്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസവും സമാനമായ രീതിയിൽ പാകിസ്താൻ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. കൃഷ്ണ ഗാട്ടി സെക്ടർ ഉൾപ്പെടെ മൂന്ന് പ്രദേശങ്ങളിലാണ് പാക് സൈന്യം ആക്രമണം അഴിച്ചുവിട്ടത്. പ്രത്യാക്രമണത്തിൽ പാക് സൈനികനെ വധിച്ചിരുന്നു.
Comments