ലക്നൗ : കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കാ വാദ്രയ്ക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്. പകർച്ചവ്യാധി നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ ഗൗതംബുദ്ധ നഗർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവർക്ക് പുറമേ 200 കോൺഗ്രസ് നേതാക്കൾക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തിരുന്നു. തുടർന്ന് അന്തരീക്ഷം കലുഷിതമായ പശ്ചാത്തലത്തിൽ രാഹുലിനെയും പ്രിയങ്കയെയും പോലീസ് കരുതൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ഇരുവരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും അറസ്റ്റും പോലീസ് രേഖപ്പെടുത്തി. ഇതിന് പിന്നാലെ ഇന്ന് രാവിലെയോടെയാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വനിതാ കോൺസ്റ്റബിൾമാരുൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തതായി എഫ്ഐആറിൽ പറയുന്നു.
കൊറോണയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിക്കാത്തതിനെ തുടർന്നാണ് പകർച്ച വ്യാധി നിയമ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് പുറമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188,269,270, എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Comments